പെരുമ്പളം: പൊലീസ് സ്റ്റേഷനോ എക്സൈസ് ഓഫീസോ ബിവറേജസ് ഒ‌ൗട്ട്‌ലെറ്റുകളോ ഇല്ലാത്ത പെരുമ്പളം ദ്വീപിൽ അനധികൃത മദ്യവില്പന തകൃതി. ദ്വീപിന് പുറത്തുള്ള ബിവറേജസ് ഒ‌ൗട്ട്‌ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി ആവശ്യക്കാർക്ക് സ്ഥലത്തെത്തിച്ച് കൊടുക്കുന്നതാണ് രീതി. വില കൂടുതലാണെങ്കിലും ആവശ്യക്കാർ ഏറെയാണ്. മുൻകൂട്ടി അറിയിച്ചാൽ പ്രത്യേക ബ്രാൻഡും ലഭിക്കും.

പൊലീസ്, എക്സൈസ് സംഘം പെരുമ്പളത്തേക്ക് ബോട്ടിലോ ജങ്കാറിലോ കയറുമ്പോഴേ മദ്യവില്പനക്കാർക്ക് വിവരം കിട്ടും. അതോടെ മദ്യക്കുപ്പികൾ അപ്രത്യക്ഷമാകും. പാടത്തും പറമ്പിലും കാട്ടിലും ആൾത്താമസമില്ലാത്ത വീടുകളിലും സൂക്ഷിച്ചിട്ടുള്ള മദ്യം കണ്ടെത്തുക ദുഷ്കരമാണ്. ചില യുവജന സംഘടനകൾ വ്യാജവാറ്റിനെതിരെയും അനധികൃത മദ്യവില്പനയ്ക്കെതിരെയും സമരം സംഘടിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. കഞ്ചാവ്,​ മയക്കുമരുന്ന് കച്ചവടത്തിനും കുറവില്ലെന്ന് പരാതിയുണ്ട്. ദ്വീപിന് വെളിയിലുള്ളവരാണ് കച്ചവടക്കാർ. അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദ്വീപ് നിവാസികളുടെ ആവശ്യം.