തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ 11 പഞ്ചായത്ത് അംഗങ്ങൾക്കും പഞ്ചായത്ത് മുൻ സെക്രട്ടറി കെ.എച്ച്. ഷാജിക്കെതിരെയും കോടതി നോട്ടീസ് അയച്ചു. 2023 ആഗസ്റ്റിലെ കോടതി നിർദ്ദേശപ്രകാരം പഞ്ചായത്തിലെ നിലവിലെ താത്കാലിക ഡ്രൈവർമാർക്ക് പകരം പുതിയ ഡ്രൈവർമാരെ നിയമിക്കാനായി സ്കിൽടെസ്റ്റും എഴുത്തുപരീക്ഷയും നടത്തിയിരുന്നു. അതിൽ വിജയിച്ച ഏക ഡ്രൈവറായ ആകാശ് പി. സന്തോഷാണ് കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തത്.

ഡ്രൈവർ നിയമനത്തിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള പഞ്ചായത്ത് കമ്മറ്റിയിലെ ചർച്ചയിലാണ് 11 അംഗങ്ങൾ ഡ്രൈവർ നിയമനത്തിനെതിരെ വോട്ടുചെയ്തത്. 7 കോൺഗ്രസ്, 3 സി.പി.എ, 1 സ്വതന്ത്രൻ എന്നിങ്ങനെ 11 പഞ്ചായത്ത് അംഗങ്ങൾക്കും സെക്രട്ടറി കെ.എച്ച്. ഷാജിക്കുമെതിരെയാണ് കോടതി നടപടിക്ക് നോട്ടീസ് അയച്ചത്. ഡ്രൈവർ ആകാശ് പി. സന്തോഷ് കോടതിയിൽ നല്കിയ പെറ്റീഷൻ ഫയലിൽ സ്വീകരിക്കുകയും ഇവർക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഇന്ന് കേസിന്റെ വാദം കേൾക്കും.