sahodaya
സി.ബി.എസ്.ഇ. സെൻട്രൽ കേരള സഹോദയ സ്കൂൾ കലോത്സവം മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കാർഷിക ഗ്രാമത്തിന് കലയുടെ മൂന്ന് ദിനരാത്രങ്ങൾ സമ്മാനിക്കുന്ന സി.ബി.എസ്.ഇ സെൻട്രൽ കേരള സഹോദയ സ്കൂൾ കലോത്സവം സർഗധ്വനിക്ക് മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ തിരി തെളിഞ്ഞു. കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. കലാമേളകൾ വിദ്യാർത്ഥികളുടെ സർഗശേഷി വളർത്തുന്നതോടൊപ്പം വീട്ടിലും നാട്ടിലും ഐക്യം ഊട്ടി വളർത്തുകയും ചെയ്യുമെന്നും കുട്ടികളുടെ നാനാതരത്തിലുളള കഴിവുകളെ വളർത്തി എടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അദ്ധ്യക്ഷനായി. എഫ്.സി.സി പ്രൊവിൻഷ്യൽ സുപ്പീരിയർ സി. മെർലിൻ എഫ്.സി.സി, നിർമല പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പോൾ ചുരത്തൊട്ടി, ആവോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, സഹോദയ സെക്രട്ടറി ജൈന പോൾ, സ്പോർട്സ് കോ ഓർഡിനേറ്റർ സി.സി. സുബാഷ്, ഹെഡ്മിസ്ട്രസ് സി. ലിജിയ എഫ്.സി.സി, പി.ടി.എ. പ്രസിഡന്റ് അഡ്വ. സി.വി. ജോണി തുടങ്ങിയവർ പ്രസംഗിച്ചു. ഡയാലിസിസ് രോഗികൾക്ക് ചികിത്സ സഹായമായി രണ്ടര ലക്ഷം രൂപയുടെ ചെക്ക് പ്രിൻസിപ്പൽ ഫാ. പോൾ ചൂരത്തൊട്ടി സഹോദയ സെക്രട്ടറി ജൈന പോളിന് കൈമാറി.

7, 8, 9 തിയതികളിലാണ് പ്രധാന മത്സരങ്ങൾ നടക്കുക. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ 92 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. നാല് വിഭാഗങ്ങളിലായി പതിനഞ്ച് വേദികളിൽ 140 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.