നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ നെടുവന്നൂരിലെ 9,10 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്ത് യാത്രാക്ലേശം രൂക്ഷമായി. 5000ത്തോളം ജനങ്ങൾ താമസിക്കുന്ന സ്ഥലത്തേയ്ക്ക് ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്ത് ഗ്രാമവണ്ടി ആരംഭിക്കണമെന്നാണ് ആവശ്യമുയരുന്നത്.
കൊവിഡിന് മുമ്പ് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഇതുവഴി ആലുവയിലേക്കും കാലടി, അങ്കമാലി മേഖലകളിലേക്കും നിരവധി സർവീസുകൾ നടത്തിയിരുന്നു. ഇപ്പോൾ കെ.എസ്.ആർ.ടി.സി ആലുവയിൽ പറമ്പയം, നെടുവന്നൂർ, ചൊവ്വര, മഹിളാലയം പാലം, തോട്ടുമുഖം വഴി രാവിലെ ഒരു സർക്കുലർ സർവീസ് മാത്രമാണ് നടത്തുന്നത്. കാലടിയിൽ നിന്ന് ചൊവ്വര, നെടുവന്നൂർ, പറമ്പയം, ദേശം വഴി ആലുവയിലേക്ക് സ്വകാര്യ ബസും ചുരുക്കം സർവീസുകൾ നടത്തുന്നുണ്ട്. എന്നാൽ ഇവയൊന്നും നെടുവന്നൂരിലെയും കപ്രശേരിയിലെയും യാത്രാക്ളേശത്തിന് പരിഹാരമാകുന്നില്ല.
വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമെല്ലാം രാവിലെയും വൈകിട്ടും ബസ് സൗകര്യമില്ലാതെ ഏറെ ബുദ്ധിമുട്ടുകയാണ്
നഷ്ടമെന്ന് കെ.എസ്.ആർ.ടി.സി
നെടുവന്നൂർ വഴി കൂടുതൽ സർവീസ് നടത്തുന്നത് വലിയ സാമ്പത്തിക ബാദ്ധ്യത ആയതിനാലാണ് സർവീസ് വെട്ടിക്കുറച്ചതെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വിശദീകരണം. എന്നാൽ സേവന മേഖല എന്ന നിലയിൽ പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ളേശം പരിഹരിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെ.എസ്.ആർ.ടി.സിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന ഗ്രാമവണ്ടി ആരംഭിക്കുന്നതിന് ആവശ്യമായ തുക പഞ്ചായത്ത് വകയിരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ഗ്രാമവണ്ടി ആരംഭിക്കണമെന്ന് സി.പി.എം
നെടുവന്നൂർ, കപ്രശേരി മേഖലകളിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് ഗ്രാമവണ്ടി ആരംഭിക്കണമെന്ന് സി.പി.എം നെടുവന്നൂർ വെണ്ണിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടിക്കായി ആവശ്യമായ തുക വകയിരുത്താൻ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ആലുവ ഏരിയാ കമ്മിറ്റി അംഗം പി.ജെ. അനിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.കെ. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. കെ.വി. ഷാലി, സി.എൻ. ശാരദ, വിനായകൻ എന്നിവർ സംസാരിച്ചു. പി.ആർ. പ്രവീണിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.