
കൊച്ചി: കടവന്ത്ര കെ.പി. വള്ളോൻ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാക്കി വാട്ടർ അതോറിട്ടിയുടെ പൈപ്പിടൽ. ആറുമാസത്തോളമായി വള്ളോൻ റോഡിലൂടെയുള്ള യാത്രാദുരിതം തുടങ്ങിയിട്ട്. പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി അമൃത് കുടിവെള്ള പദ്ധതി പ്രകാരമുള്ള പൈപ്പിടലിന് ഏപ്രിലിൽ റോഡ് വെട്ടിപ്പൊളിച്ചതോടെയാണ് യാത്രാ ദുരിതം തുടങ്ങിയത്. മേയിൽ നിർത്തിയ പണി പിന്നെ സെപ്തംബർ അവസാനമാണ് പുനരാരംഭിച്ചത്. പല സ്‌ട്രെച്ചുകളായാണ് പണി. ഓരോ ദിവസവും ഓരോ ഭാഗം ജെ.സി.ബി ഉപയോഗിച്ച് ഇളക്കും. എന്നാൽ, പൈപ്പിടൽ പൂർണമായും തീർന്നതിനു ശേഷമേ ടാറിംഗ് ജോലികൾ ഉണ്ടാകൂവെന്നാണ് കോർപ്പറേഷൻ വാട്ടർ അതോറിട്ടി അധികൃതർ വ്യക്തമാക്കുന്നത്.
മഴ വില്ലനെന്ന് ന്യായീകരണം
 56,57,60 തുടങ്ങിയ ഡിവിഷനുകളിലായാണ് പൈപ്പിടൽ പുരോഗമിക്കുന്നത്. 56, 57 ഡിവിഷനുകൾ കെ.പി വള്ളോൻ റോഡിന്റെ ഇരുവശത്താണ്. അതുകൊണ്ട് ഇരുവശവും വെട്ടിപ്പൊളിച്ചു.
 ഇടയ്ക്ക് മഴ പെയ്തതോടെയാണ് പണികൾ നിർത്തിവച്ചതെന്നാണ് അധികൃതരുടെ വാദം. മഴ പെയ്താൽ പിന്നെ രണ്ടു മൂന്ന് ദിവസത്തേക്ക് പണികളുണ്ടാവില്ലെന്ന് നാട്ടുകാരും പറയുന്നു
 റോഡ് പണി നീണ്ടുപോയതോടെ പ്രദേശവാസികൾ പലവട്ടം അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
എന്ന് പൈപ്പിടൽ ജോലികൾ പൂർത്തിയാകുമെന്നോ റീ ടാറിംഗ് ഉണ്ടാകുമെന്നോ ആർക്കും വ്യക്തമല്ല.
രണ്ടാഴ്ചയ്ക്കുള്ളിൽ തീർക്കാനാണ് ശ്രമിക്കുന്നതെന്ന മറുപടി മാത്രമാണ് വാട്ടർ അതോറിറ്റി അധികൃതരിൽ നിന്ന് ലഭിക്കുന്നത്.
ഇതുവഴി എന്നും യാത്ര ചെയ്ത് ആരോഗ്യം മോശമാവുകയാണ്. ഈ സ്ഥിതി തുടർന്നാൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതിഷേധത്തിനിറങ്ങേണ്ടി വരും
ഹരി
പ്രദേശവാസി
രണ്ടാഴ്ചയ്ക്കുള്ളിൽ നിർമ്മാണ ജോലികൾ പൂർത്തിയാക്കാനാണ് ശ്രമം. റോഡ് റീ ടാറിംഗ് കോർപ്പറേഷനാണ് ചെയ്യേണ്ടത്.
എ.എക്‌സ്.ഇ വാട്ടർ അതോറിറ്റി
കുടിവെള്ള ക്ഷാമം ഏറെയുള്ള പ്രദേശമാണ്. പദ്ധതി ജനങ്ങൾക്ക് ഗുണകരമാണ്. പക്ഷേ ഓരോ സ്‌ട്രെച്ചും തീർത്ത് പോകുമ്പോൾ തന്നെ ടാറിംഗ് പൂർത്തീകരിച്ചിരുന്നെങ്കിൽ യാത്രാ ദുരിതം ഒഴിവാക്കാനാകുമായിരുന്നു.
സുജ ലോനപ്പൻ
കൗൺസിലർ
പദ്ധതി തുക---4.5 കോടി
ദൂരം---1,650 മീറ്റർ