കൊച്ചി: എറണാകുളം- അങ്കമാലി ബിഷപ്പ് ഹൗസിൽ നടക്കുന്ന സമരങ്ങൾ ഒഴിവാക്കാൻ സഭാനേതൃത്വം ശക്തമായ നടപടി സ്വീകരിക്കണമെന്ന് അൽമായ ശബ്ദം നേതൃയോഗം ആവശ്യപ്പെട്ടു. സഭവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന പുരോഹിതർക്കെതിരെ നടപടി വേണം. ഇക്കാര്യത്തിൽ സഭാ നേതൃത്വം അനങ്ങാപ്പാറനയം വെടിയണം. സഭാകാര്യാലയത്തിൽ അതിക്രമിച്ചുകയറി അനാവശ്യസമരം ചെയ്യുന്നവരെ നീക്കംചെയ്യാൻ ഉണർന്ന് പ്രവർത്തിക്കണം. സഭയുടെ പൊതുതീരുമാനങ്ങൾ സ്വീകരിക്കാൻ വൈദികർ സ്വയംതയ്യാറാകണം. ആഗോളതലത്തിൽത്തന്നെ കത്തോലിക്കസഭയുടെ കൂട്ടായ്മയെ ദുർബലപ്പെടുത്തുവാനേ ഇത്തരം സമരങ്ങൾ ഉപകരിക്കുകയുള്ളു.സഭയുടെ സംവിധാനത്തെ അട്ടിമറിക്കുവാനുള്ള തിരക്കഥകൾ രചിക്കുന്നവരെ വിശ്വാസ സമൂഹം തിരിച്ചറിയണമെന്നും അൽമായശബ്ദം നേതൃയോഗം ചൂണ്ടിക്കാട്ടി. കൺവീനർ ബിജു നെറ്റിക്കാടൻ അദ്ധ്യക്ഷനായി. ഷൈബി പാപ്പച്ചൻ, ജോണി പിടിയത്ത്, കെ.ബി. വർഗീസ്, ഡേവീസ് ചൂരമന, അനി പോൾ, എൻ.പി. ആന്റണി എന്നിവർ പ്രസംഗിച്ചു.