പെരുമ്പാവൂർ: എസ്.എൻ.ഡി.പി. യോഗം കുന്നത്തുനാട് യൂണിയനിലെ പാലിശേരി ഈസ്റ്റ് 4513-ാം നമ്പർ കാരമറ്റം ശാഖയുടെ കീഴിലുള്ള ശാസ്താംപാറ ശ്രീ അയ്യപ്പസ്വാമിക്ഷേത്രത്തിൽ സാമൂഹ്യദ്രോഹികൾ അതിക്രമിച്ചു കയറി ഗേറ്റും തിടപ്പിള്ളിയുടെ ജനൽ ചില്ലുകളും തകർത്തു. കൂടാതെ ക്ഷേത്രം വക ഫർണിച്ചറുകളും നശിപ്പിച്ചു. സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ അടിയന്തരയോഗം ശക്തമായി പ്രതിഷേധിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.എ. ഉണ്ണികൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സുനിൽ പാലിശേരി, ടി.എൻ. സദാശിവൻ, കെ.കെ. അനിൽ, ടി.എസ്. ജയൻ, വിപിൻ കോട്ടേകുടി ബിജു വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.