നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ നെടുവന്നൂർ - ചൊവ്വര, മഠത്തിമൂല എന്നിവിടങ്ങളിലെ നിലവിലെ കലുങ്കുകൾക്ക് പകരം വീതികൂടിയ പുതിയ പാലങ്ങളും കാഞ്ഞൂർ പഞ്ചായത്തിലെ തുറവുങ്കരയേയും കാലടി പഞ്ചായത്തിലെ പിരാരൂരിനേയും ബന്ധിപ്പിക്കുന്ന ചപ്പാത്തിനുപകരം പുളിയാമ്പിള്ളി പാലവും നിർമ്മിക്കാൻ സിയാൽ ഡയറക്ടർ ബോർഡ് തീരുമാനമെടുത്തതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. 2018ലെ വെള്ളപ്പൊക്കത്തിൽ നെടുവന്നൂർ - ചൊവ്വര, മഠത്തിമൂല എന്നിവിടങ്ങളിലെ കലുങ്കുകൾക്ക് അടിയിലെ പൈപ്പുകൾ അടഞ്ഞും തുറവുങ്കരയും പിരാരൂരുമായി ബന്ധിപ്പിച്ച് ചപ്പാത്തിലും ശരിയായ നീരൊഴുക്കില്ലാതെ വിമാനത്താവളവും പരിസരവും കടുത്ത വെള്ളക്കെട്ടിൽ അകപ്പെട്ടിരുന്നു. ഇതേതുടർന്ന് അൻവർ സാദത്ത് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ എന്നിവർ പുതിയ പാലം നിർമ്മിക്കണമെന്ന് സിയാൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേകാലയളവിൽ പ്രളയം ബാധിച്ച മറ്റ് രണ്ട് മേഖലകളിൽ സിയാൽ നേരത്തെ രണ്ടു പാലങ്ങൾ നിർമ്മിച്ചിരുന്നു.