
പൊലീസ് കേസെടുത്തു
ആലുവ: കാറിന് മുകളിലിരുന്ന് സാഹസിക യാത്ര നടത്തിയ വീഡിയോ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയതിന് വാഹനം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങാതെ ദൃശ്യവുമായി ഊന്നുകൽ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം മൂന്നാറിൽ നിന്ന് മടങ്ങുകയായിരുന്ന സംഘത്തിലൊരാളാണ് അമിത വേഗതയിലോടുന്ന കാറിന് മുകളിരുന്ന് യാത്ര ചെയ്തത്. വീഡിയോ എടുത്ത ആലുവ സ്വദേശികളുടെ വാഹനത്തിന് കുറുകെ നിർത്തിയാണ് വീഡിയോ ദൃശ്യങ്ങൾ മായ്ക്കാൻ ഭീഷണിപ്പെടുത്തിയത്. എന്നാൽ ഭീഷണിക്ക് വഴങ്ങാതെ ഇവർ സമീപത്തെ ഊന്നുകൽ പൊലീസ് സ്റ്റേഷനിലേക്ക് വാഹനം ഓടിച്ച് കയറ്റി. പൊലീസെത്തിയപ്പോഴേക്കും മറ്റേ സംഘം വാഹനവുമായി കടന്നു. ആലുവ സ്വദേശിയായ സുജിത്തിനെയും സുഹൃത്തുക്കളെയുമാണ് ദൃശ്യം പകർത്തിയതിന് അക്രമിക്കാൻ ശ്രമിച്ചത്.