a
തൃപ്പൂണിത്തുറയ്ക്ക് സമീപമുള്ള പൊക്കാളി പാടശേഖരങ്ങളുടെ ഇന്നത്തെ അവസ്ഥ

തൃപ്പൂണിത്തുറ: ആയിരക്കണക്കിന് കർഷക തൊഴിലാളികളുടെ ജീവനോപാധി ആയിരുന്ന 1600 ഏക്കർ പൊക്കാളിപ്പാടവും ചെമ്മീൻകെട്ടും ഇന്ന് ഘോരവനമാണ്. അന്ധകാരത്തോടിന് തെക്കുഭാഗത്തുനിന്ന് ആമേട കായൽവരെ കുണ്ടന്നൂർ ഹൈവേയുടെ വളരെ അടുത്ത് കിടക്കുന്ന പാടശേഖരം ഓർമ്മയായിട്ട് അരനൂറ്റാണ്ടിലേറെയായി.

മണകുന്നം വില്ലേജിലേയും തൃപ്പൂണിത്തുറ തെക്കുംഭാഗം വില്ലേജിലെ തോപ്പിൽ, പനക്കൽ, വലിയകാട്, കല്ലുവെച്ചകാട്, മോനപ്പിള്ളി വലിയതറ, തണ്ടാംകടവ് ഉൾപ്പെടെയുള്ള തീരദേശമേഖലയിലെ നോക്കെത്താദൂരം പരന്നുകിടന്നിരുന്ന പാടശേഖരം ആരെയും മോഹിപ്പിക്കുന്നതായിരുന്നു. ഇന്ന് കമ്മട്ടി, ഉപ്പത്ത, കണ്ടൻ ചുള്ളി എന്നീ പാഴ്മരങ്ങൾ ഇടതൂർന്ന് വളർന്ന് വിഷപ്പാമ്പുകളുടെയും നീർനായ, ഉടുമ്പ്, മലമ്പാമ്പ് തുടങ്ങിയവയുടെയും ആവാസകേന്ദ്രമാണ്. ഇതിനിടയിലുള്ള ജലാശയങ്ങൾ എക്കൽനിറഞ്ഞും നശിച്ചു. ഓരുവെള്ളത്തിലെ മത്സ്യക്കൃഷിയും അന്യംനിന്നുപോയി. വിവിധയിനം ചെമ്മീനുകളും ഞണ്ട്, കരിമീൻ, തിലോപ്പി, കണമ്പ്, കൂരി, കക്ക, പൂളോൻ എന്നിവയും വിപണനം ചെയ്യുമ്പോൾ അതിന്റെ ഒരോഹരി തൊഴിലാളിക്കുള്ളതായിരുന്നു.

പ്രശ്നങ്ങളുടെ തുടക്കം

ഈ മേഖലയിൽ കർഷകതൊഴിലാളി യൂണിയന്റെ രംഗപ്രവേശത്തോടെ ഉടലെടുത്ത ഐക്യം മുതലാളി - തൊഴിലാളി ബന്ധത്തെ വഷളാക്കി. കൂലി വർദ്ധനയ്ക്കായി 1969ൽ നടന്ന കല്ലുവച്ചകാട് സമരത്തോടെ ഇവർ സംഘടിതരാകുകയും പാടശേഖരങ്ങളിൽ കൊടികുത്തുകയും ചെയ്തു.

ഉടമസ്ഥർക്ക് നെൽക്കൃഷി തുടരാൻ താത്പര്യമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾനീങ്ങി. തുടർന്ന് ഇവിടെ മത്സ്യക്കൃഷി മാത്രമായൊതുങ്ങി. എന്നാൽ നെൽക്കൃഷി ഇല്ലാതെ മത്സ്യക്കൃഷി പാടില്ലെന്ന തൊഴിലാളികളുടെ ശാഠ്യവും തുടർന്ന് ഭൂമാഫിയകളുടെ രംഗപ്രവേശവും കൃഷിക്ക് മരണമണിമുഴക്കി. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കാട് ഇന്ന് ലഹരി മാഫിയയുടെ താവളമാണ്.

സർക്കാരിന്റെ ഇടപെടൽ

1987ൽ നായനാർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ തെക്കുംഭാഗം വില്ലേജിൽ 10 ലക്ഷംരൂപ മുടക്കിൽ ജനകീയ ആസൂത്രണപദ്ധതിപ്രകാരം പാടശേഖരകമ്മിറ്റി രൂപീകരിച്ച് കാടുനീക്കാൻ നടത്തിയ ശ്രമവും പാഴായി. 2017ൽ നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി മുൻകൈയെടുത്ത് 56 ഏക്കർ തരിശുഭൂമിയിൽ അശാസ്ത്രീയമായി ഇറക്കിയ കൃഷി വൻപരാജയമായി.

കാടുകയറാത്ത കുറച്ച് പാടശേഖരങ്ങൾ അവശേഷിച്ചിട്ടുണ്ട്. സർക്കാർ മുൻകൈയെടുത്ത് തൊഴിലുറപ്പുകാരെ ഉപയോഗിച്ച് കാട് നീക്കിയാൽ സ്ഥലം കൃഷിക്ക് പ്രയോജനപ്പെടുത്താം.

രാജൻ പനക്കൽ, കർഷകൻ

സർക്കാർവിഷയം ഗൗരവത്തോടെ കണ്ട് പുതിയ പ്രൊജക്ടുകൾ കൊണ്ടുവരണം. കൃഷിക്കായി സ്ഥലമൊരുക്കുക അത്ര പ്രായോഗികമല്ല.

ബാബു തൈക്കൂട്ടത്തിൽ, പാടശേഖരം ഉടമ