elephant

കൊച്ചി: കോതമംഗലം ഭൂതത്താൻകെട്ടിന് സമീപം വനമേഖലയിൽ തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെ കാട്ടിലേക്ക് വിരണ്ടോടിയ 'പുതുപ്പള്ളി സാധു" എന്ന നാട്ടാനയെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. ഇന്നലെ രാവിലെ വനാതിർത്തിയിൽ നിന്ന് 200 മീറ്റർ അകലെ കണ്ടെത്തിയ ആന തെരച്ചിൽ സംഘത്തിനൊപ്പം അനുസരണയോടെ മടങ്ങി. കാൽപ്പാടുകൾ പിന്തുടർന്നാണ് ആനയെ കണ്ടെത്തിയത്.

ഒപ്പം ഷൂട്ടിംഗിനുണ്ടായിരുന്ന ആനയുടെ കുത്തേറ്റ നിസാര പരിക്കുകൾ ഒഴിച്ചാൽ ആരോഗ്യവാനാണ്. സാധുവിനെ ഉടമയുടെ നാടായ കോട്ടയം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയി. തുണ്ടം ഫോറസ്റ്റ് ഡിവിഷനിലെ വടാട്ടുപാറയിൽ തെലുങ്ക് സൂപ്പർതാരം വിജയ് ദേവരക്കൊണ്ട നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വെള്ളിയാഴ്ച വൈകിട്ട് കൊമ്പന്മാർ ഇടഞ്ഞത്. തടത്താവിള മണികണ്ഠൻ എന്ന ആന ആക്രമണം തുടർന്നതോടെ സാധു കാട്ടിലേക്ക് കടക്കുകയായിരുന്നു. മണികണ്ഠനും വിരണ്ടോടിയെങ്കിലും ഫോറസ്റ്റ് സ്റ്റേഷന് സമീപംവച്ച് തളച്ചു.

ദേവരക്കൊണ്ട കാരവാനിൽ

ആനകൾ കൊമ്പുകോർക്കുമ്പോൾ വിജയ് ദേവരക്കൊണ്ട മറ്റൊരിടത്ത് കാരവാനിൽ വിശ്രമിക്കുകയായിരുന്നു. ഡ്യൂപ്പിനെ വച്ചായിരുന്നു ചിത്രീകരണമെന്ന് ക്യാമറാമാൻ ജോമോൻ ടി. ജോൺ പറഞ്ഞു. അവസാന ഷോട്ടിന്റെ റീടേക്ക് സമയത്താണ് ആനകൾ ഏറ്റുമുട്ടിയത്. തുണ്ടം വനത്തിൽ രണ്ടു ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ടായിരുന്നെന്നും ജോമോൻ പ്രതികരിച്ചു.

വെറും സാധു

കൈതേപ്പാലം പാപ്പാലപ്പറമ്പ് പോത്തൻ വർഗീസ് അസാമിൽ നിന്ന് വാങ്ങിയ 'പുതുപ്പള്ളി സാധു"ശാന്തസ്വഭാവിയാണ്. തമിഴ് സിനിമകളിൽ മുമ്പ് അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ വനംവകുപ്പിന്റെ സമ്മതപത്രമുള്ള ചുരുക്കം ആനകളിലൊന്നാണ്.