
കൊച്ചി: നഗരവാസികൾക്കും സന്ദർശകർക്കും അന്നം വിളമ്പുന്ന സമൃദ്ധിക്ക് നാളെ മൂന്ന് വയസ്. എറണാകുളം നോർത്ത് പരമാര റോഡിലെ സമൃദ്ധി @ കിച്ചൺ കോർപ്പറേഷന് അഭിമാനമാണിന്ന്. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 13 പേരുമായി തുടങ്ങിയ പദ്ധതി 2021 ഒക്ടോബർ ഏഴിനാണ് നടി മഞ്ജു വാര്യർ സമൃദ്ധി നാടിന് സമർപ്പിച്ചത്. നിലവിൽ 78 സ്ത്രീകൾ പണിയെടുക്കുന്നു.
സമൃദ്ധി കിച്ചണിൽ നടക്കുന്ന മൂന്നാം വാർഷികം ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്സിക്യുട്ടീവ് ഡയറക്ടർ എം. ശങ്കർ ഉദ്ഘാടനം ചെയ്യും. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. സമൃദ്ധിയിലെ സെൽഫ് ബില്ലിംഗ് കിയോസ്ക് മേയർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് സമൃദ്ധി കലാസന്ധ്യയും നടക്കും.
10 രൂപ ഊണും 15 രൂപ പാഴ്സലുമായായിരുന്നു തുടക്കം. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയായിരുന്നു പ്രവർത്തനം. പ്രഭാതഭക്ഷണം, ഫിഷ് ഫ്രൈ, കറി, ചിക്കൻ സ്പെഷ്യൽ, വെജ്, നോൺ വെജ് പൊതിച്ചോർ, കേറ്ററിംഗ് സർവീസ്, അത്താഴം എന്നിങ്ങനെ വിപുലമായ മെനുവും സേവനങ്ങളുമായി സമൃദ്ധി വളർച്ചയുടെ പടവുകൾ കയറി. ഇപ്പോൾ ഉച്ചയൂണ്, കഞ്ഞി, ബിരിയാണി എന്നിവയ്ക്ക് പുറമെ ചൈനീസ് ഭക്ഷണം, കപ്പ ബിരിയാണി എന്നിങ്ങനെ 24 മണിക്കൂറും പലവിധ ഭക്ഷണം വിളമ്പുന്നു. സർക്കാർ സബ്സിഡി നിറുത്തിയതോടെ 10 രൂപ ഊണിന് 20 രൂപയായി എന്നതൊഴിച്ചാൽ മറ്റെല്ലാതരത്തിലും നേട്ടങ്ങളുടെ പട്ടികയിലാണ് സമൃദ്ധിയുടെ സ്ഥാനം.
സമൃദ്ധമാണ് സമൃദ്ധി
3,000 പേർക്കാണ് ദിവസേന ചോറ് വിളമ്പുന്നത്.
 ഇതുവരെ വിറ്റത് 23,85,649 ഊണ്
 അതിദരിദ്രർക്ക് സൗജന്യ ഭക്ഷണം, ഭക്ഷണ സാധനങ്ങൾ എന്നിവ നൽകുന്നു
ഓണത്തിന് അത്തം മുതൽ സദ്യയും വിവിധ തരം പായസങ്ങളും വിറ്റും നേട്ടം
വയനാടിന് കൈത്താങ്ങ്
വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതരെ ചേർത്തുനിറുത്താൻ കഴിഞ്ഞ ആഗസ്റ്റ് 13ന് സമൃദ്ധിയിൽ ഭക്ഷണത്തിന്റെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഭക്ഷണം വിറ്റും സംഭാവനയായും ലഭിച്ച 3,51,004 രൂപയുടെ ചെക്കാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാലാലും സമൃദ്ധി കിച്ചണിലെ ജീവനക്കാരും ചേർന്ന് മേയർക്ക് നൽകിയത്.
നഗരത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി ആളുകളുണ്ട്. അവർക്കെല്ലാം സമൃദ്ധി വലിയ ആശ്രയമാണ്. സമൃദ്ധിയുടെ വളർച്ചയിൽ അഭിമാനമുണ്ട്
ഷീബാ ലാൽ
ചെയർപേഴ്സൺ
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
കൊച്ചി കോർപ്പറേഷൻ