കൊച്ചി: കൗൺസിൽ ഒഫ് ആർക്കിടെക്ചർ (സി.ഒ.എ) ദക്ഷിണ മേഖല എക്‌സലൻസി ഇൻ ആർക്കിടെക്ചർ തീസീസ് അവാർഡ് പ്രഖ്യാപനവും ആർക്കിടെക്ചർ തീസീസ് പ്രദർശനവും ഈമാസം എട്ടു മുതൽ 10 വരെ എറണാകുളം, വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷൻസി (ആസാദി) നടക്കുമെന്ന് ആസാദി ചെയർമാൻ ആർക്കിടെക്ട് പ്രൊഫ. ബി.ആർ. അജിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളം ആദ്യമായാണ് എക്‌സലൻസി ഇൻ ആർക്കിടെക്ചർ തീസീസ് അവാർഡ് പ്രഖ്യാപനത്തിനും വിതരണത്തിനും പ്രദർശനത്തിനും വേദിയാകുന്നത്. എക്‌സലൻസ് ഇൻ ആർക്കിടെക്ചറൽ തീസീസ്, മികച്ച ആർക്കിടെക്ചറൽ വിദ്യാർത്ഥി, ഡോക്യുമെന്റേഷൻ ഒഫ് ആർക്കിടെക്ചറൽ ഹെറിറ്റേജ് എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്. ദക്ഷിണേന്ത്യയിലെ നൂറിലധികം കോളേജുകൾ പങ്കെടുക്കും.
വിദ്യാർത്ഥികളും വാസ്തുവിദഗ്ദ്ധരും തമ്മിൽ സംവാദവുമുണ്ടാകും. സ്‌കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണാൻ അവസരമുണ്ട്.
രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് പ്രദർശനം. എട്ടിന് രാവിലെ 9.30ന് മുൻ ഇന്ത്യൻ അംബാസഡർ ടി.പി ശ്രീനിവാസൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആസാദി ചെയർമാൻ പ്രൊഫ. ബി.ആർ. അജിത് അദ്ധ്യക്ഷത വഹിക്കും. 10ന് വൈകിട്ട് ആറിന് അവാർഡുകൾ സമ്മാനിക്കും. ആസാദി സി.ഇ.ഒ അമ്മു അജിത്, എച്ച്.ഒ.ഡി ശ്രീപാർവതി ഉണ്ണി, ഫാക്കൽറ്റികളായ ഷിബിലി അലി, സുസ്മിത പൈ, ആസാദി അഡ്മിൻ ഡയറക്ടർ ടി. പ്രബോഷ്, മധുസൂദൻ മേനോൻ (കൺസൾട്ടൻസി ഡിവിഷൻ) എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.