കൊച്ചി: എറണാകുളം അതിരൂപത ആസ്ഥാനത്ത് വൈദികരുടെ സമരം തുടരുന്നതിനിടെ രൂക്ഷവിമർശനവുമായി സിറോമലബാർ സഭാ നേതൃത്വം. സഭാനിയമങ്ങൾ ലംഘിക്കാൻ ഡീക്കന്മാരെ പ്രേരിപ്പിക്കുകയും കുടുംബങ്ങളെ വിഷമത്തിലാക്കുകയും ചെയ്യുന്നത് അനീതിയാണെന്ന് സഭാ മീഡിയ കമ്മിഷൻ ആരോപിച്ചു.
മാർപ്പാപ്പയുടെയും സഭാസിനഡിന്റെയും കല്പനകളെ പരസ്യമായി ധിക്കരിച്ച് മാർപ്പാപ്പയോടൊപ്പമാണെന്നു പ്രചരിപ്പിച്ച് അദ്ദേഹത്തെ പരിഹസിക്കുകയാണ്. ആദരവോടെ കരുതേണ്ട അതിരൂപതാദ്ധ്യക്ഷന്റെ ഭവനവും കാര്യാലയവും കൈയേറി സമരാഭാസങ്ങൾ നടത്താൻ വിശ്വാസികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിർബന്ധിക്കുന്നതും അനീതിയാണെന്ന് കമ്മിഷൻ ആരോപിച്ചു.

ഒഴിപ്പിക്കാൻ പരാതി

ബിഷപ്പ് ഹൗസ് കൈയേറിയവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സി.എൻ.എ ) മേജർ അതിരൂപത സമിതി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന് നിവേദനം നൽകി.
സഭയുടെ വിലപ്പെട്ട രേഖകൾ കൊണ്ടുപോയതായി പരാതിയിൽ പറയുന്നു. ബിഷപ്പ് ഹൗസിലെ കൈയേറ്റക്കാരെ ഒഴിവാക്കി പൂട്ടി സീൽ ചെയ്ത് കൈവശം വയ്ക്കണമെന്നും കുർബാന പ്രശ്‌നം പരിഹരിച്ചശേഷമേ തുറന്ന് നൽകാവൂവെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.