ആലുവ: കോൺഗ്രസ് ആലുവ ബ്ളോക്ക് കമ്മിറ്റി ഭാരവാഹികളെ ഡി.സി.സി പ്രഖ്യാപിച്ചെങ്കിലും സമ്പൂർണ പട്ടിക പുറത്തുവിടാത്തതിൽ ദുരൂഹതയെന്ന് ആക്ഷേപം. എ ഗ്രൂപ്പിനാണ് ഇക്കാര്യത്തിൽ കടുത്ത പ്രതിഷേധമുള്ളത്.
ബ്ളോക്ക് ഭാരവാഹികളായി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നോമിനേറ്റ് ചെയ്ത ഔദ്യോഗിക കത്ത് ബ്ളോക്ക് പ്രസിഡന്റ് പി.എ. മുജീബ് മുഖേന പലർക്കും നേരിട്ട് കൈമാറുകയാണ്. ആരൊക്കെയാണ് ഭാരവാഹികളായിട്ടുള്ളതെന്ന് ബ്ളോക്ക് - ഡി.സി.സി പ്രസിഡന്റുമാർക്ക് മാത്രമെ അറിയൂ. എ ഗ്രൂപ്പിന് സ്വാധീനമുണ്ടായിരുന്ന ബ്ളോക്ക് കമ്മിറ്റി തോപ്പിൽ അബു മറുകണ്ടം ചാടിയതോടെയാണ് ഐ പക്ഷത്തിന്റെ നിയന്ത്രണത്തിലായത്. പിന്നീട് ബ്ളോക്ക് പ്രസിഡന്റായ പി.എ. മുജീബും എ ഗ്രൂപ്പിൽ നിന്ന് ഐയിലെത്തിയ ആളാണ്.
സ്ഥലം എം.എൽ.എ അൻവർ സാദത്തും ഡി.സി.സി പ്രസിഡന്റ് ആലുവക്കാരനായതിനാലും ഭാരവാഹിപ്പട്ടികയിൽ ഭൂരിഭാഗവും ഐ പക്ഷത്തിനാകാനാണ് സാദ്ധ്യത. എ ഗ്രൂപ്പിന്റെ എതിർപ്പ് തണുപ്പിക്കാനുള്ള തന്ത്രമായിട്ടാണ് ലിസ്റ്റ് പുറത്തുവിടാത്തതെന്നാണ് ആക്ഷേപം. പല ഭാരവാഹികളും കത്ത് കൈയ്യിൽ കിട്ടിയപ്പോഴാണ് പട്ടികയിലുണ്ടെന്ന് അറിയുന്നത്. ചിലർ കത്തുകൾ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തിയിട്ടുണ്ട്. ബ്ളോക്ക് കമ്മിറ്റി യോഗം വിളിക്കുമ്പോൾ മാത്രമെ കമ്മിറ്റിയിൽ ആരെല്ലാമുണ്ടെന്ന് അറിയാനാകുവെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവരെ ബ്ളോക്ക് വൈസ് പ്രസിഡന്റാക്കണമെന്ന നിർദ്ദേശവും പാലിച്ചില്ലെന്ന് എ ഗ്രൂപ്പിന് ആക്ഷേപം എ ഗ്രൂപ്പുകാരനായ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റിനെ ബ്ളോക്ക് എക്സിക്യൂട്ടീവ് അംഗമാക്കി ഒതുക്കിയെന്നും പരാതി പട്ടികയിൽ ഉൾപ്പെടാത്ത ചിലർ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കാനും ആലോചിക്കുന്നു