തൃപ്പൂണിത്തുറ: പൂത്തോട്ടയിൽ തെങ്ങ് മുറിച്ചുമാറ്റുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് വീണത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെ പുത്തൻകാവ് മഠത്തിക്കാട്ടിൽ മോളി രവീന്ദ്രന്റെ പുരയിടത്തിലെ തെങ്ങു വെട്ടുന്നതിനിടയിലാണ് അപകടം. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന വൈക്കംറോഡിലെ വൈദ്യുതകമ്പികളിലേക്കാണ് തെങ്ങ് വീണത്. 11 കെ.വി ലൈനുകളുൾപ്പെടെ 5 പോസ്റ്റുകൾ ഒടിഞ്ഞു. 10 മീറ്റർ ദൂരത്തുള്ള ട്രാൻസ്ഫോർമറിൽ തെങ്ങ് വീഴാഞ്ഞത് ഭാഗ്യമായി. കെ.എസ്.ഇ.ബി ജീവനക്കാർ മേൽനടപടി സ്വീകരിച്ചുവരുന്നു. 11 കെ.വി ലൈനുകൾ തകർന്നതിനാൽ പെരുമ്പളം ദ്വീപ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു. വൈദ്യുതി കണക്ഷനുകൾ പൂർണമായി ഇന്ന് വൈകിട്ടോടെയേ പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളുവെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.