മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ല കായികമേള 7, 8 ,9,14 തിയതികളിൽ മൂവാറ്റുപുഴ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ഏഴിന് രാവിലെ 10ന് മുൻസിപ്പൽ ചെയർമാൻ പി.പി. എൽദോസ് മേള ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം. അബ്ദുൽസലാം പതാക ഉയർത്തും. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസ് കുര്യാക്കോസ് അദ്ധ്യക്ഷനാകും. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ബിജു ദീപശിഖ ഏറ്റുവാങ്ങും. നാലു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 127 ഇനങ്ങളിൽ 56 സ്കൂളുകളിൽ നിന്നായി 1500 പ്രതിഭകൾ പങ്കെടുക്കും. സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ എട്ടുമണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് ജനറൽ കൺവീനർ കെ.ജെ. ജെയിംസ് അറിയിച്ചു.