പറവൂർ: എടയാർ വ്യവസായ മേഖലയിൽ ബിനാനി സിങ്ക് ലിമിറ്റഡിന്റെ കൈവശമുള്ള അധിക ഭൂമി വ്യവസായ വകുപ്പ് തിരിച്ച് പിടിക്കണമെന്ന് പറവൂർ താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. കമ്പനിക്ക് വർഷങ്ങൾക്ക് മുമ്പ് സർക്കാർ നൽകിയത് 95 ഏക്കർ ഭൂമിയാണ്. ഇപ്പോൾ കൈവശം 108 ഏക്കർ ഭൂമിയാണുള്ളത്. വർഷങ്ങളായി ഈ സ്ഥാപനം അടച്ചുപൂട്ടിയ നിലയിലാണ്. ധാരാളം സംരംഭകർ വ്യവസായം തുടങ്ങാനായി ഭൂമിക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ മതിയായ അളവിൽ ഭൂമിയില്ലാത്തത് ഇതിന് തടസമാകുകയാണ്. 13 ഏക്കർ അധിക ഭൂമി തിരികെ പിടിച്ച് പുതിയ സംരഭകർക്ക് നൽകാൻ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. വ്യവസായ മന്ത്രി, ജില്ല വ്യവസായ കേന്ദ്രം അധികൃതർ എന്നിവർക്ക് കത്ത് നൽകാനും തീരുമാനിച്ചു.

ഏഴിക്കര പഞ്ചായത്ത് ഏഴാം വാർഡിൽ ഉടമയുടെ അനുവാദമില്ലാതെ സ്ഥലത്ത് സ്റ്റേ കമ്പി സ്ഥാപിച്ച കെ.എസ്.ഇ.ബി അധികൃതരുടെ നടപടി തെറ്റാണെന്ന് യോഗം വിലയിരുത്തി. സ്റ്റേ കമ്പി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കമലാ സദാനന്ദൻ, രമ്യ തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, കെ.വി .രവീന്ദ്രൻ, ഷാരോൺ പനയ്ക്കൽ, യേശുദാസ് പറപ്പിള്ളി, എം.പിയുടെ പ്രതിനിധി എം.പി. റഷീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.