കൊച്ചി: രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്റെ ജീവപര്യന്തം കഠിന തടവ് ഹൈക്കോടതി റദ്ദാക്കി. തൃശൂർ സ്വദേശി ദേവദാസിനെയാണ് (ഉണ്ണിമോൻ) ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് സി. പ്രദീപ് കുമാറും അടങ്ങിയ ഡിവിഷൻബെഞ്ച് വെറുതേ വിട്ടത്. 2017ലെ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെയായിരുന്നു പ്രതിയുടെ അപ്പീൽ.
രണ്ടാം ഭാര്യയായിരുന്ന അർച്ചനയെ തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിക്കവേ 2009 ഡിസംബർ 28 ന് ഉണ്ണിമോൻ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഭാര്യയിലുള്ള സംശയമായിരുന്നു കൊലയ്‌ക്ക് കാരണം. മൃതദേഹം ബെഡ് ഷീറ്റിൽ പൊതിഞ്ഞ് വാടക വീട്ടിൽ ഒളിപ്പിച്ച് പ്രതി മുങ്ങി.
സംഭവ ദിവസം പ്രതി കൃത്യം നടന്ന വീട്ടിൽ ഉണ്ടായിരുന്നെന്ന് പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയാണ് ശിക്ഷ റദ്ദാക്കിയത്. പ്രതിയ്ക്കായി സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള ഹാജരായി.