 
മൂവാറ്റുപുഴ: ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പുകൾ സ്ഥാപിച്ചതിന് ശേഷം റോഡുകൾ വേഗത്തിൽ പുനർ നിർമ്മിക്കണമെന്ന് മൂവാറ്റുപുഴ താലൂക്ക് വികസനസമിതി യോഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ നിർദ്ദേശം നൽകി. മണ്ഡലത്തിലെ നിരവധി റോഡുകളാണ് ജല ജീവൻ മിഷന്റെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചത്. പൈപ്പ് ഇട്ടതിനു ശേഷവും ഈ റോഡുകളുടെ പുനർ നിർമ്മാണം നീളുകയാണ്. റോഡിന്റെ വശങ്ങളിൽ മണ്ണ് ഉയർന്നു നിൽക്കുന്നത് മൂലം ബൈക്ക് യാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പരിപാലന കാലാവധി പൂർത്തിയാകാത്ത ബി.എം ബി.സി നിലവാരത്തിലുള്ള റോഡുകൾ പോലും വെട്ടിപ്പൊളിച്ചു മോശമാക്കി ഇട്ടിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കുന്ന ജലജീവൻ ഓഫിസുകളിൽ ജീവനക്കാരുടെ കുറവ് ഉണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.പി. ബേബി, പി.എം. അസീസ്, ഷെൽമി ജോൺ, ആൻസി ജോസ്, കെ.പി .എബ്രഹാം, ആർ.ഡി.ഒ പി.എ. അനി, തഹസിൽദാർ രഞ്ജിത്ത് ജോർജ്, എൽ.എ തഹസിൽദാർ എം.ജി. മുരളീധരൻ നായർ, മറ്റ് വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.