കൊച്ചി: മഹാത്മാഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായതിന്റെ നൂറാം വാർഷികം ഒരാഴ്ച നീളുന്ന പരിപാടികളുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആഘോഷിക്കും. ഈ മാസം 12 മുതൽ 17 വരെ എറണാകുളം രാജേന്ദ്ര മൈതാനത്താണ് ആഘോഷങ്ങൾ.
12ന് വൈകിട്ട് ഗാന്ധി രണ്ടുതവണ വന്നിറങ്ങിയ എറണാകുളം പഴയ റെയിൽവേ സ്റ്റേഷനിൽ ആരംഭിക്കുന്ന ദീപശിഖാ പ്രയാണവും എറണാകുളം മഹാരാജാസിൽ നിന്ന് ആരംഭിക്കുന്ന ചർക്ക ഘോഷയാത്രയും രാജേന്ദ്ര മൈതാനത്ത് സംഗമിക്കുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപ ദാസ് മുൻഷി, പി.വി. മോഹനൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും.
13ന് ഗാന്ധിയൻ 'ആദർശങ്ങളുടെ ഹരിത രാഷ്ട്രീയം' എന്ന വിഷയത്തിലെ സെമിനാറിൽ മേധ പട്കർ, ശ്രീധർ രാധാകൃഷ്ണൻ, സി.ആർ. നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 'ഗാന്ധിലോക സാഹിത്യത്തിലെ ഇതിഹാസം' സെമിനാറിൽ ഡോ.എം.പി. അബ്ദുസമദ് സമദാനി എം.പി., ഡോ. പി.വി. കൃഷ്ണൻ നായർ, എൻ.എസ്. മാധവൻ തുടങ്ങിയവർ സംസാരിക്കും. 14ന് 'ഗാന്ധി സത്യം കൊണ്ട് സ്വതന്ത്രമായ മാദ്ധ്യമസംസ്‌കാരം' എന്ന സെമിനാറിൽ ആനന്ദ് പട്‌വർദ്ധൻ, അഭിലാഷ് മോഹൻ, എം.വി. വിനീത തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് ഗാന്ധി ചർച്ചയിൽ ടി. പത്മനാഭൻ, ഡോ. പി. അബ്ദുൽ അസീസ്, ഡോ. സെൽവി സേവ്യർ തുടങ്ങിയവർ പങ്കെടുക്കും. ആഘോഷ കമ്മിറ്റി ചെയർമാൻ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജനറൽ കൺവീനർ ടി.ജെ വിനോദ് എം.എൽ.എ., രക്ഷാധികാരികളായ ഡോ. എം.സി. ദിലീപ്കുമാർ, ഡോ. ടി.എസ്. ജോയ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.