കൊച്ചി: കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ നടന്ന കൊച്ചി മെട്രോ സഹോദയ സി.ബി.എസ്.ഇ കലോത്സവത്തിൽ തേവയ്ക്കൽ വിദ്യോദയ സ്‌കൂൾ 787പോയിന്റോടെ ഒന്നാം സ്ഥാനം നേടി. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂൾ 777 പോയിന്റോടെ രണ്ടും കാലടി ശ്രീശാരദ വിദ്യാലയ 723 പോയിന്റോടെ മൂന്നാംസ്ഥാനവും നേടി.

ഒന്നാം വിഭാഗത്തിൽ കലാപ്രതിഭയായി അങ്കമാലി വിദ്യാദിരാജ വിദ്യാഭവനിലെ ആർ. വേദികയെ തിരഞ്ഞെടുത്തു. കലാതിലകമായി ശ്രീമൂലനഗരം അൽഅമീൻ പബ്ലിക് സ്‌കൂളിലെ നിവേദ് വിപിനും രണ്ടാംവിഭാഗത്തിൽ കലാപ്രതിഭയായി കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ മൈഥിലി ശങ്കറിനെയും കലാതിലകമായി വെസ്റ്റ് കൊച്ചി ചിന്മയ വിദ്യാലയത്തിലെ പി.എസ്. ശേയസിനെയും തിരഞ്ഞെടുത്തു.
മൂന്നാംവിഭാഗത്തിലെ കലാപ്രതിഭയായി തൃക്കാക്കര നൈപുണ്യ പബ്ലിക് സ്‌കൂളിലെ യു. മീനാക്ഷിയേയും കലാതിലകമായി തൃക്കാക്കര നൈപുണ്യ പബ്ലിക് സ്‌കൂളിലെ ഏബൽ അജി കുര്യാക്കോസിനെയും തിരഞ്ഞെടുത്തു.
നാലാംവിഭാഗത്തിലെ കലാതിലകമായി ഉദയംപേരൂർ പ്രഭാത പബ്ലിക് സ്‌കൂളിലെ എം.എസ്. ആദിത്യയേയും കലാപ്രതിഭയായി അങ്കമാലി വിശ്വജ്യോതിയിലെ വി. ഐശ്വര്യയേയും തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി.