
കൊച്ചി: ലോകപ്രശസ്ത സംഗീതജ്ഞനും യുവജനങ്ങളുടെ ഹരവുമായ ഡി.ജെ. അലൻവാക്കർ ഇന്ന് കൊച്ചിയിൽ. ആരാധകരുടെ ഒഴുക്ക് കണക്കിലെടുത്ത് വൻ സുരക്ഷയും ഗതാഗത നിയന്ത്രണവും. ഇന്ന് വൈകിട്ട് ബോൾഗാട്ടി പാലസിൽ നടക്കുന്ന പരിപാടി ഏതാണ്ട് പൂർണമായും പൊലീസിന്റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാകും.
യുവാക്കളുടെ ഹരമാണ് മാസ്കണിഞ്ഞ് വേദിയിലെത്തുന്ന നോർവീജിയൻ ഗായകൻ അലൻവാക്കർ. കേരളത്തിലും 20-30 പ്രായത്തിലുള്ള ലക്ഷക്കണക്കിന് ആരാധകരുണ്ട്. വാക്കർ ആദ്യമായാണ് കേരളത്തിൽ പാടുന്നത്. ഇന്നലെ ചെന്നൈയിലായിരുന്നു വാക്കറുടെ പരിപാടി. സെപ്തംബർ 27ന് വാക്കർ വേൾഡ് എന്ന പേരിൽ ആരംഭിച്ച ഇന്ത്യാ പര്യടനം ഒക്ടോബർ 20ന് ഹൈദരാബാദിൽ അവസാനിക്കും. മുംബയിലെ സൺബേൺ ഇവന്റ് കമ്പനിയും കൊച്ചിയിലെ ഈസോൺ എന്റർടൈൻമെന്റുമാണ് സംഘാടകർ.
അലൻ വാക്കർ
പാശ്ചാത്യസംഗീത ലോകത്ത് ജനപ്രീതിയിൽ ചരിത്രമെഴുതിയ ടെക്നോളജി ഗായകനാണ് അലൻ വാക്കർ. ഒക്ടോബർ 20 വരെയാണ് ഇന്ത്യാപര്യടനം. 750 രൂപ മുതൽ 4000 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്.
2015ൽ 26-ാം വയസിൽ വാക്കർ ഇറക്കിയ 'ഫേഡഡ്" എന്ന പ്രഥമഗാനം 365 കോടിയിൽപരം പേർ യൂട്യൂബിൽ മാത്രം കണ്ടു. 300ൽപരം പാട്ടുകൾ പാടിയിട്ടുണ്ട്. പ്രോഗ്രാമിംഗ്, ഗെയിമിംഗ്, ഗ്രാഫിക് ഡിസൈൻ എന്നിവയുടെ സഹായത്തോടെ ഗാനങ്ങളുമായി മാസ്ക്ധാരിയായി വേദിയിൽ എത്തുന്ന വാക്കറുടെ ഗാനങ്ങൾ ഓൺലൈനിൽ ദിവസവും 36 ലക്ഷത്തിലധികം പേർ കാണുന്നുണ്ടെന്നാണ് കണക്ക്.
അലൻ വാക്കറിന്റെ പ്രശസ്ത ഗാനങ്ങൾ
ഫേഡഡ്
 ഡാർക്ക് സൈഡ്
ആൾ ഫാൾസ് ഡൗൺ
എലോൺ
ദി സ്പെക്ടർ
സിംഗ് മീ ടു സ്ളീപ്
ഓൺ മൈ വേ
ലിലി
ലോസ്റ്റ് കൺട്രോൾ
ഡയമണ്ട് ഹാർട്ട്
വാക്കർ വേൾഡ്
സുരക്ഷ കർശനം
6,000 ത്തോളം സംഗീതപ്രേമികളെയാണ് വേദിയിൽ പ്രതീക്ഷിക്കുന്നതെങ്കിലും ഇരട്ടിയോളം പേരെത്തുമെന്നാണ് സൂചന. വാഹനപ്രവാഹവും നഗരത്തിൽ പ്രതീക്ഷിക്കുന്നു. ശക്തമായ വാഹന പരിശോധനയും ഉണ്ടാകും. പരിപാടിയുടെ സുരക്ഷാക്രമീകരണങ്ങൾ കൊച്ചി സിറ്റി ഡി.സി.പി കെ. സുദർശന്റെ നേതൃത്വത്തിൽ ഇന്നലെ വിലയിരുത്തി. രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാരുടെയും നാല് ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിൽ നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പങ്കെടുക്കുന്നവർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ എന്ന് സൂക്ഷ്മായി നിരീക്ഷിക്കും. ബോൾഗാട്ടി പാലസ് പരിസരത്ത് മഫ്തിയിൽ കൂടുതൽ പൊലീസിനെയും നിയോഗിക്കുന്നുണ്ട്.