കൊച്ചി: നൂറിലധികം രാജ്യങ്ങളിലെ 1600 ലേറെ മലയാളികൾ പങ്കെടുക്കുന്ന ഗ്ളോബൽ മലയാളി ഫെസ്റ്റിവൽ 2025 ആഗസ്‌റ്റ് 14 മുതൽ 16 വരെ കൊച്ചിയിൽ നടക്കും. കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കാൻ നിക്ഷേപകമേള ഉൾപ്പെടെ പരിപാടികൾ സംഘടിപ്പിക്കും.
നൂറിലേറെ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളുടെ പരസ്ഥപരബന്ധം വർദ്ധിപ്പിക്കാനും കേരളത്തിലെ സാമൂഹിക, സാമ്പത്തിക, നിക്ഷേപകരംഗങ്ങളിൽ പ്രവാസികളുടെ സംഭാവന വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ഫെസ്‌റ്റിവൽ ഡയറക്‌ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ആൻഡ്രു പാപ്പച്ചൻ, ഡയറക്‌ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡോ. ജോർജ് കാക്കനാട്ട് എന്നിവർ അറിയിച്ചു. പുതുതലമുറയ്ക്ക് മുൻഗണന നൽകിയാണ് പരിപാടികൾ.
ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഫെസ്റ്റിവലിൽ ഗ്ളോബൽ മലയാളിരത്ന പുരസ്‌കാരവിതരണം. സൗന്ദര്യമത്സരം, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും. സ്വാതന്ത്ര്യദിനത്തിൽ പരേഡ്, കൊച്ചിക്കായലിൽ വള്ളംകളി എന്നിവയും സംഘടിപ്പിക്കും.
ഫെസ്‌റ്റിവൽ ഡയറക്ടർമാരായ അബ്‌ദുള്ള മഞ്ചേരി, പ്രകാശ് മാത്തേൻ, ലിജു മാത്യു, അനീഷ് കരിനാട് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.