അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുൻ പ്രസിഡന്റ് പി.ടി. പോളിന്റെ ഒന്നാം ചരമവാർഷികം കരിദിനമായി ആചരിക്കുമെന്ന് അർബൻ സഹകരണസംഘം സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സാമ്പത്തിക തട്ടിപ്പിന് മുഖ്യ ആസൂത്രണം നടത്തിയ ഐ.എൻ.ടി.യു.സി നേതാവ് കൂടിയായിരുന്ന പി.ടി. പോളിനെ കഴിഞ്ഞ ഒക്ടാബർ 6നാണ് ആലുവയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 96 കോടി രൂപയുടെ ക്രമക്കേടാണ് സംഘത്തിൽ നടന്നത്. ഭരണ സമിതി അംഗങ്ങൾ ഉൾപ്പെടെ 20 പേർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഈ സാഹചര്യത്തിൽ നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്താൻ സഹകരണ വകുപ്പ് തയ്യാറാകണം. റിയൽ എസ്റ്റേറ്റ് വ്യവസായി 30 കോടിയും ടൗണിലെ മൂന്ന് സ്വർണ വ്യാപാരികൾ 6 കോടിയും സംഘത്തിലേക്ക് തിരിച്ചടക്കാനുണ്ട്, കൂടാതെ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് കോടികളുടെ തിരിമറിയും നടത്തിയിട്ടുണ്ട്. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാനുള്ള നടപടികൾ സഹകരണ വകുപ്പ് കൈക്കൊള്ളണമെന്നും പി.ടി. പോളിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ സംഘത്തിന് മുമ്പിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നും നിക്ഷേപക സംരക്ഷണ സമിതി പ്രസിഡന്റ് പി.എ. തോമസ്, വൈസ് പ്രസിഡന്റ് സി.പി. സെബാസ്റ്റ്യൻ, സെക്രട്ടറി യോഹന്നാൻ കൂരൻ എന്നിവർ പറഞ്ഞു.