
കൊച്ചി: വെറും 150 മീറ്റർ. പക്ഷേ, അതു കടന്നുകിട്ടാൻ ചില്ലറയല്ല പാട്! വളവിൽ ഒരു വലിയ കുഴിയോടെയാണ് തുടക്കം. പിന്നീടങ്ങോട്ട് എണ്ണിയാൽ തീരാത്തത്ര കുഴികൾ. പലതും ആഴമേറിയത്. ടാറിംഗ് ഇളകിത്തെറിച്ച് വലിയ മെറ്റലുകൾ റോഡിൽ, മഴയത്ത് ചെളിക്കുളം. ആ ദൂരം പിന്നിടാൻ സർക്കസ് കളിക്കേണ്ടി വരും വാഹനയാത്രക്കാർക്ക്. ചളിക്കവട്ടം പൊന്നുരുന്നി റോഡിലെ മഹിളാ സമാജം റോഡ് ഉൾപ്പെടെ വന്നു ചേരുന്ന പാറ്റത്ത് ജംഗ്ഷന്റെ അവസ്ഥയാണിത്. കുഴിയിൽ വീണ് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്ത് പരിക്കേറ്റിട്ട് പോലും റോഡിന്റെ അവസ്ഥ അധികൃതർ കണ്ടഭാവമില്ല.
ഇലക്ഷൻ കഴിഞ്ഞതിൽ പിന്നെ ഇതുവഴി കണ്ടില്ലല്ലോ എന്ന് നാട്ടുകാർ കൗൺസിലറോട് ഫ്ലക്സ് വച്ചു ചോദിച്ചിട്ടുണ്ട്. എന്നാൽ, കോർപ്പറേഷനും കരാറുകാരും തമ്മിലുള്ള തർക്കമാണ് മഹിളാ സമാജം റോഡിലെയും പാറ്റത്ത് ജംഗ്ഷനിലെയും ടാറിംഗ് ജോലികൾ മുടങ്ങാൻ കാരണമെന്ന് വാർഡ് കൗൺസിലർ ആരോപിക്കുന്നു. ടാറിംഗ് ജോലികൾ ഉടനില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് വാർഡ് കൗൺസിലർ പദ്മദാസും പ്രദേശവാസികളും.
കരാറുകാർക്ക് മടി
47-ാം വാർഡിലെ ധന്യ റോഡ്, മസ്ജിദ് റോഡ്, കുമ്പിളപ്പിള്ളി റോഡ് എന്നീ റോഡുകളിലെയെല്ലാം അറ്റകുറ്റപ്പണികളും ടാറിംഗും ഇതിനോടകം തീർന്നു. ഈ വർക്കിന്റെ ഭാഗമാണ് പാറ്റത്ത് ജംഗ്ഷനും മഹാളാ സമാജം റോഡും. 22 ലക്ഷം രൂപയ്ക്കാണ് കരാർ. എന്നാൽ, മുൻ വർക്കുകളുടെ കോടിക്കണക്കിന് രൂപ കോർപ്പറേഷനിൽ നിന്ന് അനുവദിച്ചു കിട്ടാനുണ്ടെന്നും അത് ലഭിച്ചാൽ മാത്രമേ ഇനി ഏതെങ്കിലും കോർപ്പറേഷൻ റോഡുകളുടെ ജോലികൾ ആരംഭിക്കൂ എന്നുമാണ് കരാറുകാരുടെ നിലപാടെന്ന് കൗൺസിലർ പറയുന്നു.
കൊവിഡ് കാലത്ത് കലൂർ- സ്റ്റേഡിയം ലിങ്ക് റോഡിലുപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കാതെ അതിനു ചുറ്റും ടാറിംഗ് നടത്തി വാർത്തകളിൽ നിറഞ്ഞ കോതമംഗലം ആസ്ഥാനമായുള്ള മേരി സദൻ എന്ന സ്ഥാപനമാണ് കരാറുകാർ. കേരളകൗമുദി റിപ്പോർട്ടിനു പിന്നാലെയാണ് അന്ന് ആ പ്രശ്‌നം ഒറ്റ ദിവസംകൊണ്ട് പരിഹരിക്കപ്പെട്ടത്.
ഫെബ്രുവരിയിൽ നിർമ്മാണ ജോലികളെന്നാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ അതുവരെ നീട്ടിക്കൊണ്ടു പോകാനാകില്ല. അടിയന്തര പ്രാധാന്യത്തോടെ ജോലി ചെയ്തു തീർക്കണം. അല്ലാത്തപക്ഷം വൈറ്റില ഹബ്ബിലും സമീപത്തും സി.എസ്.എം.എല്ലിന്റെ കരാറെടുത്ത് ടൈൽ വിരിക്കുന്ന മേരി സദൻ കമ്പനിയുടെ ജോലികൾ തടയാനാണ് തീരുമാനം.
എ.ആർ.പദ്മദാസ്
വാർഡ് കൗൺസിലർ