 
പറവൂർ: പറവൂർ ടൗൺ മർച്ചൻസ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പറവൂർ ടൗൺ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി. ജോണി അദ്ധ്യക്ഷനായി. സുവർണജൂബിലി സമ്മാനമായി ലീലയ്ക്ക് നിർമ്മിച്ച വീടിന്റെ താക്കോൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കൈമാറി. സുവർണ ജൂബിലി സോവനീർ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പ്രകാശനം ചെയ്തു. ആദ്യകാല അംഗങ്ങളെയും മുൻഭാരവാഹികളെയും ജില്ലാ പ്രസിഡന്റ് പി.സി .ജേക്കബ് ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, വൈസ് ചെയർമാൻ എം.ജെ. രാജു, ടി.വി. നിഥിൻ, അഡ്വ. എ.ജെ. റിയാസ്, സി.എസ്. അജ്മൽ, ജിമ്മി ചക്യത്ത്, കെ.എൽ. ഷാറ്റോ, എസ്. ദിവാകരൻ പിള്ളി, പി.ബി. പ്രമോദ്, അൻവർ കൈതാരം എന്നിവർ സംസാരിച്ചു.
----------------------------------------
സഹോദരപുത്രൻ ജെ.സി.ബി ഉപയോഗിച്ച് വീട് തകർത്തതോടെ തെരുവിലായ അമ്പത്തിയാറുകാരി പറവൂർ പെരുമ്പടന്ന വാടാപ്പിള്ളിപ്പറമ്പ് വീട്ടിൽ ലീലയ്ക്ക് പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ ഗോൾഡൻ ജൂബിലി സമ്മാനമായി നിർമ്മിച്ച വീടിന്റെ താക്കോലാണ് കൈമാറിയത്. പതിനൊന്ന് ലക്ഷം രൂപ ചെലവിൽ 540ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് ലീലയുടെ വീട് പൊളിച്ചത്. കെൽസയും ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയും വിഷയത്തിൽ ഇടപെട്ടു. കുടുംബത്തിന് കുടികിടപ്പവകാശമായി ലഭിച്ച ഏഴ് സെന്റ് ഭൂമിയുടെ ഏഴ് അവകാശികളിൽ ഒരാളൊഴികെ ഭൂമി ലീലയ്ക്ക് നൽകാൻ തയാറായിരുന്നു. ഇവിടെയുള്ള ആറ് സെന്റ് ഭൂമിയിലാണ് പുതിയ വീട് നിർമ്മിച്ചത്.