boilar
പൊട്ടിത്തെറിച്ച ബോയിലർ

ആലുവ: എടയാർ വ്യവസായമേഖലയിൽ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. മൂന്നുപേർക്ക് പൊള്ളലേറ്റു. ഒഡിഷ കാണ്ഡമാൽ ജില്ലയിലെ സിർക്കി ടാമല പ്രധാന്റെ മകൻ ബിക്രം പ്രധാനാണ് (36) മരിച്ചത്. ബിക്രം പ്രധാന്റെ നാട്ടുകാരായ ഗുരു (35), കൃഷ്ണ (20) എന്നിവരെ കളമശേരി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗുരുവിന് 35 ശതമാനവും കൃഷ്ണയ്ക്ക് 25 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ പ്രണവ് (20) എന്ന തൊഴിലാളിയെ പരിശോധനകൾക്കുശേഷം വിട്ടയച്ചു.

പൂട്ടിക്കിടക്കുന്ന ബിനാനി സിങ്കിന് പിന്നിൽ പ്രവർത്തിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക്സിൽ ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. മലപ്പുറം സ്വദേശി മുഹമ്മദ് ഫവാസിന്റേതാണ് സ്ഥാപനം. അന്യസംസ്ഥാനക്കാർ മാത്രമാണ് ഇവിടത്തെ ജോലിക്കാർ. രാത്രിയും പകലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. അപകടം നടക്കുമ്പോൾ നാലുപേർ മാത്രമാണ് ജോലിക്കുണ്ടായിരുന്നത്. ബിക്രം പ്രധാന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ട് നാലരയോടെ വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുപോകും.