ആലുവ: രണ്ടാമത് കാവൽ കൈരളി കഥ, കവിത പുരസ്‌കാര വിതരണവും സംസ്ഥാനത്തെ പൊലീസ് എഴുത്തുകാർക്കായ് നടത്തുന്ന ഏകദിന സാഹിത്യ ക്യാമ്പും 11ന് എറണാകുളം കച്ചേരിപ്പടി ആശീർ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.
കഥാവിഭാഗത്തിൽ പി.ജി. രഞ്ജിത്ത്, ദിനേശ് കല്യാണി, സുരേശൻ കാനം, സുനിൽ തുഷാര എന്നിവർക്കും കവിതയിൽ ഇ.വി സുജനപാൽ, പ്രേമൻ മുചുകുന്ന്, എൻ.പി രാജേഷ് എന്നിവർക്കുമാണ് പുരസ്കാരം. എഴുത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുകയും സാന്നിദ്ധ്യമറിയിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി. പ്രദീപൻ അറിയിച്ചു.
രാവിലെ 9.30ന് സാഹിത്യ ക്യാമ്പ് പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ക്യാമ്പ് ഡയറക്ടർ ഡോ പി.കെ. രാജശേഖരൻ മുഖ്യാതിഥിയാകും. സനൽ ചക്രപാണി അദ്ധ്യക്ഷനാകും. കാക്കിയെഴുത്തിന്റെ നവലോകം, കലയിലെയും സാഹിത്യത്തിലേയും പൊലീസെഴുത്ത്, വർത്തമാനകാല അടയാളപ്പെടുത്തലുകൾ എന്നിവയിലുള്ള ചർച്ച സാഹിത്യ നിരൂപകൻ പി.കെ. രാജശേഖരൻ നയിക്കും. പൊലീസ് സാഹിത്യം നോവലിലും ജീവിതത്തിലും എന്ന വിഷയത്തിൽ ഹരിത സാവിത്രിയും ചർച്ച നയിക്കും.
വൈകീട്ട് നാലിന് കാവൽ കൈരളി സാഹിത്യ പുരസ്‌കാരം എൻ.എസ്. മാധവൻ വിതരണം ചെയ്യും. ഡി.സി.പി വി. സുഗതൻ മുഖ്യാതിഥിയാകും. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ് അദ്ധ്യക്ഷനാകും.