photo
എടവനക്കാട് കിടപ്പ് രോഗിയുടെ വീട്ടിലെത്തി റേഷൻ വ്യാപാരിമസ്റ്ററിങ് നടത്തുന്നു

വൈപ്പിൻ: ദാരിദ്ര്യ രേഖക്ക് താഴെയുള്ള പിങ്ക്, മഞ്ഞ റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ മസ്റ്ററിംഗ് തുടരുന്നു. ഇതുവരെ എറണാകുളം ജില്ലയിൽ 11,15,478 പേരിൽ 8,64,192 പേർ അപ്‌ഡേഷൻ നടത്തി.
കൊച്ചി താലൂക്ക് ടി.എസ്.ഒ.യിൽ 1,23,906 പേരിൽ 1,00,278 പേർ(79 ശതമാനം) ആണ് മസ്റ്ററിംഗ് നടത്തിയത്. ചെറിയ കുട്ടികളുടെയും പ്രായമായവരുടെയും കൈയിൽ തഴമ്പ് ഉള്ളവരുടേയും മസ്റ്ററിംഗ് ശരിയാകുന്നില്ല. ഉപജീവനത്തിനും പഠനത്തിനുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവരുടെയും മസ്റ്ററിംഗ് നടന്നിട്ടില്ല. രോഗികളുടെ വീട്ടിൽ പോയി മസ്റ്ററിംഗ് നടത്തുന്നതുൾപ്പടെയുള്ള ജോലികൾ സൗജന്യമായി റേഷൻ വ്യാപാരികളെ കൊണ്ട് ചെയ്യിക്കുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്.

ചെറിയ കുട്ടികളുടെയും വിരൽ പതിയാത്തവരുടെയും പ്രശ്‌നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി പഞ്ചായത്ത് തലത്തിൽ ഐറിഷ് ക്യാമ്പ് സംഘടിപ്പിക്കണമെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ. ഇസ്ഹാക്ക് ആവശ്യപ്പെട്ടു.