1

മട്ടാഞ്ചേരി: പത്ത് വയസുകാരൻ മുഹമ്മദ് നബീൽ പറക്കുകയാണ് പള്ളുരുത്തി തങ്ങൾ നഗറിൽ നിന്ന് യു.കെയിലേക്ക്. അതും ചെന്നൈ എഫ്.സിയുടെ ഗോൾ വല കാക്കാൻ. ഈ മാസം 11 മുതൽ 14 വരെ യു.കെയിൽ നടക്കുന്ന മിനാക്കപ്പിൽ അണ്ടർ 12 വിഭാഗത്തിൽ കളിക്കുന്നതിന് വേണ്ടിയാണ് മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശി മുഹമ്മദ് നാസിം-റിനു മോൾ ദമ്പതികളുടെ മകൻ മുഹമ്മദ് നബീൽ യു.കെയിലേക്ക് പോകുന്നത്. ചെന്നൈ എഫ്സിയുടെ ഗോൾ കീപ്പറായാണ് നബീൽ കളിക്കളത്തിൽ ഇറങ്ങുന്നത്. മുഹമ്മദ് നബിൽ മാത്രമാണ് കേരളത്തിൽ നിന്ന് ഈ അപൂർവ നേട്ടം കൈവരിച്ചത്. നിലവിൽ തങ്ങൾ നഗറിലാണ് മുഹമ്മദ് നാസിമും കുടുംബവും താമസിക്കുന്നത്.

രണ്ടോ മൂന്നോ കൊല്ലം മാത്രമായിട്ടുണ്ടാകുള്ളൂ ഫുട്ബോൾ ലോകത്തിലേക്ക് നബീൽ ചുവട് വെച്ചിട്ട്. പള്ളുരുത്തിയിലെ ഹാജിയാരുടെ പറമ്പ് എന്നറിയപ്പെടുന്ന ടർഫിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മഹേഷ്‌ എന്ന കോച്ച് നബീലിനെ കാണുന്നത്. നബീലിന്റെ കഴിവുകൾ മനസിലാക്കിയ അദ്ദേഹം ടീമിൽ ഇടം നൽകി. അദ്ദേഹം തന്നെ എറണാകുളം ജില്ലയുടെ പുറത്തേക്ക് കളിക്കാൻ കൊണ്ടുപോകുകയും ആ കളിയിലൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കുകയും വിജയിക്കുകയുമായിരുന്നു. ഫ്രണ്ട്സ് യുണൈറ്റഡ് എഫ്.സി. കോച്ച് രാഹുലിന്റെ ശിക്ഷണത്തിലാണ് കൂടുതൽ ടൂർണമെന്റ് പങ്കെടുത്തത്. ഇന്റർനാഷണൽ വിഭാഗത്തിലുള്ള യുവാക്കപ്പ് കളിക്കുന്നതിനുവേണ്ടി ചെന്നൈയിൽ പോവുകയും പിന്നീട് അഹമ്മദാബാദിൽ പോവുകയും ചെയ്തു. തുടർന്നാണ് ചെന്നൈ എഫ്സി മുഹമ്മദ് നബിലിനെ ഗോൾകീപ്പർ ആയി തിരഞ്ഞെടുത്ത്. ഒന്നര മാസത്തോളം ആയി ചെന്നൈ എഫ്സിയുടെ പരിശീലനത്തിലാണ്. മുമ്പ് തായ്‌ലൻഡിൽ കളിക്കാനുള്ള അവസരം ലഭിച്ചെങ്കിലും വേണ്ടെന്നു വച്ചു. തേവര സി.സി.പി.എൽ.എം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് നബീൽ.