കൊല്ലം: എന്തൊക്കെ വെട്ടിപ്പിടിച്ചു, എന്തൊക്കെ നേടി എന്നതിലല്ല, നല്ലൊരു മനുഷ്യൻകൂടി ആവുകയെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് എ.ബി.എൻ. കോർപ്പറേഷൻ ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ജെ.കെ. മേനോൻ പറഞ്ഞു.
സാമൂഹിക പ്രതിബദ്ധതയുളള മികച്ച യുവ പ്രവാസി വ്യവസായിക്കുളള വി. ഗംഗാധരൻ സ്മാരകട്രസ്റ്റ് അവാർഡ് വ്യവസായ മന്ത്രി പി. രാജീവീൽ നിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയിൽ കുറച്ചുകാലം മാത്രം ജീവിതമുള്ളവരാണ് നമ്മൾ. ഇതിനിടയിൽ വരും തലമുറയ്ക്ക് എന്ത് പകർന്നു നൽകാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടത്. സ്വർണവും കാറും പണവുമൊക്കെ സമ്പാദ്യമായി നൽകിയതുകൊണ്ട് ഒരു കാര്യവുമില്ല. നല്ലൊരു മനുഷ്യനാകാനുള്ള പാഠമാണ് പകർന്നു നൽകേണ്ടത്.
അംഗീകാരങ്ങൾ കൂടുതൽ മുന്നേറാനുള്ള പ്രചോദനമാണ്. പിതാവും വ്യവസായിയുമായ സി.കെ. മേനോൻ, കുടുംബം, ജീവനക്കാർ എന്നിവർ ജീവിതവിജയത്തിലെ നിർണായക ഘടകമാണെന്നും ജെ.കെ. മേനോൻ പറഞ്ഞു.
കൊല്ലത്ത് കടപ്പാക്കട സ്‌പോർട്‌സ് ക്ലബ്ബിലെ സ്വരലയ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് സമ്മേളനം റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കൊല്ലം നഗരത്തിലെ സമർത്ഥരായ 100 വിദ്യാർത്ഥികൾക്ക് തന്റെ പേരിലുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ജെ.കെ. മോനോൻ വിതരണം ചെയ്തു. 1000 രൂപയും സർട്ടിഫിക്കറ്റുമാണ് നൽകിയത്. ഹിന്ദുസ്ഥാൻ ലാറ്റക്‌സിന്റെ മുൻ സി.എം.ഡിയും വി. ഗംഗാധരന്റെ മകനുമായ ഡോ.ജി. രാജ്‌മോഹൻ പ്രശസ്തിപത്രം അവതരിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ അഡ്വ.ജി. സത്യബാബു അധ്യക്ഷനായിരുന്നു. എൻ.കെ. പ്രേമചന്ദ്രൻ എംപി, ട്രസ്റ്റ് സെക്രട്ടറി ആർ.എസ്. ബാബു എന്നിവർ സംസാരിച്ചു. വി. ഗംഗാധരനെയും, ജെ.കെ. മേനോന്റെ പിതാവും വ്യവസായിയുമായിരുന്ന അഡ്വ.സി.കെ. മേനോനെയും അനുസ്മരിച്ചു.