#മൂന്ന് പേർക്ക് പൊള്ളലേറ്റു
ആലുവ: എടയാർ വ്യവസായ മേഖലയിൽ മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒഡിഷ സ്വദേശി മരിച്ചു. മൂന്ന് പേർക്ക് പൊള്ളലേറ്റു. ഒഡിഷ കാണ്ഡമാൽ ജില്ലയിലെ സിർക്കി ടാമല പ്രധാന്റെ മകൻ ബിക്രം പ്രധാൻ (36) ആണ് മരിച്ചത്.
പൂട്ടിക്കിടക്കുന്ന ബിനാനി സിങ്കിന് പിന്നിൽ പ്രവർത്തിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക്സിൽ ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. തൊഴിലാളികളായ ഗുരു (35), കൃഷ്ണ (20) എന്നിവരെ കളമശേരി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗുരുവിന് 35 ശതമാനവും കൃഷ്ണക്ക് 25 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ പ്രണവി (20)നെ പരിശോധനകൾക്ക് ശേഷം വിട്ടയച്ചു. പൊള്ളലേറ്റവരും ബിക്രം പ്രധാന്റെ നാട്ടുകാരാണ്.
മലപ്പുറം സ്വദേശി മുഹമ്മദ് ഫവാസിന്റേതാണ് സ്ഥാപനം. അന്യസംസ്ഥാനക്കാർ മാത്രമാണ് ജോലിക്കാർ. രാത്രിയും പകലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. അപകടം നടക്കുമ്പോൾ നാല് പേർ മാത്രമാണ് ജോലിക്കുണ്ടായിരുന്നത്.
ബിക്രം പ്രധാന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം എംബാം ചെയ്ത് വൈകിട്ട് നാലരയോടെ വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുപോകും. ബിക്രം വിവാഹിതനാണ്. മക്കളില്ല.
എടയാർ: അപകടങ്ങൾ
പതിവായിട്ടും നടപടിയില്ല
ആലുവ: എടയാർ വ്യവസായ മേഖലയിലെ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അപകടങ്ങൾ തുടർച്ചയായിട്ടും അധികൃതർ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം.
വ്യവസായ മേഖലയിലെ ഭൂരിഭാഗം കമ്പനികളിലും അന്യസംസ്ഥാനക്കാരാണ് ജോലിക്കാർ. തൊഴിൽ നിയമങ്ങൾ പാലിക്കാറില്ല. സ്വദേശികളെ നിയോഗിച്ചാൽ മതിയായ വേതനവും നിയമപരമായ ആനുകൂല്യങ്ങളും നൽകേണ്ടിവരുമെന്നതിനാലാണ് അന്യസംസ്ഥാനക്കാരെ ഉപയോഗിക്കുന്നത്. സ്ഥാപനത്തിലെ സുരക്ഷാ വീഴ്ച്ചകൾ പുറം ലോകം അറിയുകയുമില്ല.
സമീപകാലത്തായി വ്യവസായ മേഖലയിലെ നിരവധി സ്ഥാപനങ്ങളിൽ അപകടങ്ങൾ ഉണ്ടായി. ജീവഹാനി സംഭവിച്ചവരിൽ ഏറെയും അന്യസംസ്ഥാനക്കാരാണ്. അന്യസംസ്ഥാനക്കാരായാൽ പ്രതിഷേധത്തിന്റെ ശക്തിയും കുറയും. നഷ്ടപരിഹാരവും നൽകേണ്ടതില്ല. മൃതദേഹം നാട്ടിലെത്തിച്ചാൽ സ്ഥാപന ഉടമയുടെ ചുമതല കഴിഞ്ഞു.
വ്യവസായ മേഖലയിലെ സ്ഥാപനങ്ങൾക്ക് പഞ്ചായത്തിന്റെ അനുമതിയോ ലൈസൻസോ ആവശ്യമില്ല. ജില്ലാ വ്യവസായ കേന്ദ്രമാണ് അംഗീകാരം നൽകുന്നത്. പി.സി.ബിയും തൊഴിൽ വകുപ്പും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളും ഫലപ്രദമായി ഇടപെടുന്നില്ലെന്നും കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം മുൻ പ്രസിഡന്റ് നാസർ എടയാർ ആരോപിച്ചു.