
കൊച്ചി: മലപ്പുറം ജില്ല പൊലീസ് മേധാവിയായിരുന്ന എസ്. സുജിത്ദാസ് അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊന്നാനിയിലെ യുവതി നൽകിയ പീഡനപരാതി വ്യാജമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അൻവർ വിഷയവുമായി ബന്ധപ്പെട്ട് നിലവിൽ സസ്പെൻഷനിലാണ് സുജിത്ദാസ്.
പരാതിക്കാരിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണ്. കുറ്റകൃത്യങ്ങൾ നടന്നതായി പറയുന്ന സമയത്തിലും സ്ഥലങ്ങളിലും പൊരുത്തക്കേടുണ്ട്. കേസെടുക്കാനുളള തെളിവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം അഡിഷണൽ എസ്.പി ഫിറോസ് എം. ഷഫീഖിന്റെ റിപ്പോർട്ടിൽ പറയുന്നു.
തന്റെ പരാതിയിൽ കേസെടുത്തില്ലെന്നാരോപിച്ച് യുവതി നൽകിയ ഹർജിയിലാണ് പൊലീസ് വിശദീകരണം നൽകിയത്. വ്യാജപരാതിയിൽ കേസെടുത്താൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരും. ജനമദ്ധ്യത്തിൽ അവരുടെ പ്രതിച്ഛായ കളങ്കപ്പെടും. അതിനാൽ യുവതിയുടെ ഹർജി തള്ളണമെന്നും സർക്കാർഭാഗം ആവശ്യപ്പെട്ടു. വാദം പൂർത്തിയാക്കിയ കേസ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് വിധി പറയാൻ മാറ്റി.
സ്വത്തുതർക്കവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ 2022ൽ പൊന്നാനി എസ്.എച്ച്.ഒ ആയിരുന്ന വിനോദ് വലിയത്തൂരും തുടർന്ന് താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി, സുജിത്‌ദാസ് എന്നിവരും മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.
മാനഭംഗം നടന്നതായി പറയുന്ന ദിവസം വിനോദ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഫോൺ രേഖയിൽ നിന്ന് വ്യക്തമാണ്. അതിക്രമത്തിന് സാക്ഷിയാണെന്നു പറയുന്ന സ്ത്രീ മൊഴി നൽകാൻ തയ്യാറായതുമില്ല. ആദ്യ ഘട്ടത്തിൽ ഡിവൈ.എസ്.പി ബെന്നിക്കെതിരെ യുവതി പരാതി നൽകിയിരുന്നില്ല. ഇത് കൂട്ടിച്ചേർത്തതാണ്. പലപ്പോഴായി നൽകിയ മൊഴികളിൽ സമയവും ദിവസവും മാറ്റമുണ്ട്. യുവതിയുടെ ആരോപണം ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് സാക്ഷികളായ റഫീഖും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും നൽകിയ മൊഴികൾ.
എസ്.പി സുജിത്‌ദാസ് മാനഭംഗപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സ്ഥലം യുവതി വ്യക്തമായി പറയുന്നില്ല. ശരിയായ ലൊക്കേഷൻ പറഞ്ഞിരുന്നെങ്കിൽ കാൾ റെക്കാഡുകളും ഡ്യൂട്ടി ഡയറിയും വച്ച് ഒത്തുനോക്കാൻ കഴിയും. ഇത് മനസിലാക്കിയ പരാതിക്കാരി ബോധപൂർവം പുകമറ സൃഷ്ടിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.
പത്തനംതിട്ട എസ്.പിയായിരിക്കെയാണ് സുജിത്ദാസ് സസ്‌പെൻഷനിലായത്. പി.വി.അൻവർ എം.എൽ.എയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നത് അടക്കമുള്ള സംഭവുമായി ബന്ധപ്പെട്ടാണ് സസ്പെൻഷൻ.