
കൊച്ചി: അതീവ സുരക്ഷാവലയത്തിൽ നടന്ന ലോകപ്രശസ്ത സംഗീതജ്ഞൻ ഡി.ജെ. അലൻ വാക്കറുടെ സംഗീതനിശയ്ക്കിടെ മൊബൈൽ കൂട്ട മോഷണം. ഇന്നലെ രാത്രി മുളവുകാട് പൊലീസിൽ എത്തിയത് 35 പരാതികൾ. അമ്പതിലധികം പേരുടെ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. പൊലീസ് അന്വേഷണം തുടങ്ങി.
1.38 ലക്ഷം രൂപ വിലയുള്ള ഐ ഫോൺ 16 പ്രോ മാക്സ് കളവുപോയെന്ന് കാട്ടി വടക്കൻ പറവൂർ സ്വദേശിയായ 28കാരനാണ് പരാതിയുമായി ആദ്യം പൊലീസിനെ സമീപിച്ചത്. സമാനപരാതികൾ പിന്നാലെ എത്തുകയായിരുന്നു. 'വൈകിട്ട് 7.40 ഓടെയാണ് പരിപാടിക്കായി ബോൾഗാട്ടിയിൽ എത്തിയത്. വി.ഐ.പി ഗേറ്റിലൂടെ അകത്ത് പ്രവേശിക്കുന്നതിനിടെ ജീൻസിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ കവരുകയായിരുന്നു " പറവൂർ സ്വദേശിയുടെ മൊഴിയിൽ പറയുന്നു.
രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാരുടെയും നാല് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ നൂറോളം പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതലയ്ക്കായി ഉണ്ടായിരുന്നത്. രഹസ്യ പൊലീസുകാർ വേറെയും. ഇതിനിടയിലാണ് ഇത്രയും ഫോണുകൾ മോഷണം പോയത്.
സംഗീതനിശയ്ക്കിടെ കഞ്ചാവ് കൈവശം വച്ചതിന് രണ്ട് കേസുകളും മുളവുകാട് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആലപ്പുഴ ചന്തിരൂർ സ്വദേശികളായ നാല് യുവാക്കളാണ് 2 കഞ്ചാവുകേസുകളിലായി അറസ്റ്റിലായത്. ഒരു കേസിൽ 2.40 ഗ്രാം കഞ്ചാവും മറ്റൊരു കേസിൽ 2.10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഒരു എം.ഡി.എം.എ കേസും റിപ്പോർട്ട് ചെയ്തതായി വിവരമുണ്ട്.
ടിക്കറ്റെടുത്ത് കള്ളന്മാരും
എറണാകുളം ബോൾഗാട്ടി പാലസ് ഗ്രൗണ്ടിൽ ഞായറാഴ്ച രാത്രിയായിരുന്നു പരിപാടി. അലന്റെ കേരളത്തിലെ ആദ്യ സ്റ്റേജ് ഷോയായതിനാൽ സംഗീതപ്രേമികൾ ഒഴുകിയെത്തി. ഇത് മനസിലാക്കി കള്ളന്മാരും 'ടിക്കറ്റെടുത്ത്' ബോൾഗാട്ടി പാലസ് ഗ്രൗണ്ടിൽ കയറിക്കൂടിയെന്നാണ് സൂചന. 750 രൂപ മുതൽ 4,000 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്.
അടുത്തിടെ വിപണിയിലിറങ്ങിയ 16 പ്രോ മാക്സടക്കം മോഷണം പോയതിൽ ഏറെയും ഐ ഫോണുകളാണ്. തിക്കും തിരക്കും അമിതശബ്ദവും മുതലെടുത്തു നടന്ന കൂട്ടക്കവർച്ചയ്ക്ക് പിന്നിൽ കേരളത്തിന് പുറത്തുന്നിന്നുള്ളവരാകാമെന്ന് സംശയവും ബലപ്പെട്ടിട്ടുണ്ട്. മോഷണസംഘത്തിൽ ഒന്നിലധികം പേരുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. യുവാക്കളായ മോഷണക്കേസ് പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്.
നഷ്ടപ്പെട്ട ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പറുകൾ സൈബർ സെല്ലിന് കൈമാറി. ഇതിലൂടെ ഫോണുകളുടെ ലൊക്കേഷനടക്കം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. വൈകാതെ പ്രതികളെ പിടികൂടും.
വി.എസ്. ശ്യാംകുമാർ
എസ്.എച്ച്.ഒ
മുളവുകാട്