
കൊച്ചി: തീറ്റ പിടിക്കാത്തതിനെ തുടർന്ന് ഉദരസംബന്ധമായ അസുഖം ബാധിച്ച് അവശനിലയിലായ കുഴുപ്പിള്ളി ബീച്ചിലെ ഒട്ടകത്തിന് രക്ഷകരായി മൃഗസംരക്ഷണ വകുപ്പ്. ആലുവ ഉളിയന്നൂർ സ്വദേശി അജ്മലിന്റെ ഉടമസ്ഥതയിലുള്ള 5വയസുള്ള ആൺ ഒട്ടകത്തിന്റെ ആരോഗ്യമാണ് കൃത്യമായ ചികിത്സയിലൂടെ വീണ്ടെടുത്തത്. തിന്നുശീലിച്ച ഭക്ഷണത്തിന് പകരം പരിചയമില്ലാത്ത പച്ചില കഴിച്ചതുമൂലമുണ്ടായ അസിഡോസിസ് രോഗത്താൽ മൂന്നുദിവസം മുമ്പ് തളർച്ചയും ക്ഷീണവും കാരണം എണീക്കാനാവാതെ തളർന്നുകിടന്നു പോകുകയായിരുന്നു ഒട്ടകം. എടവനക്കാട് മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. അഖിൽ രാഗ് ആണ് ഒട്ടകത്തെ ചികിത്സിക്കുന്നത്.
അടമ്പ് ഇല വില്ലനായി
മേഞ്ഞുനടക്കുന്ന ഒട്ടകങ്ങൾ അവയ്ക്ക് ഇഷ്ടപ്പെട്ട പുല്ല് , ഇലകൾ, കുറ്റിച്ചെടികൾ, ഉണക്ക ഇലകൾ, വൈക്കോൽ എന്നിവയാണ് ഭക്ഷിക്കുന്നത്. അതോടൊപ്പം വളരെ കുറഞ്ഞ അളവിൽ കൃത്രിമതീറ്റയും നൽകാറുണ്ട്.
ആട്, പശു എന്നിവയെപ്പോലെ അയവിറക്കും. ഉണങ്ങിയതും കൂടുതൽ നാരുകളടങ്ങിയതുമായ ഉണക്ക പുല്ല്, വൈക്കോൽ എന്നിവ ദഹിപ്പിക്കുന്ന രീതിയിൽ നാലറകളുള്ള ആമാശയമാണ് ഒട്ടകത്തിനുമുള്ളത്.
ദഹനപ്രക്രിയ തകരാറിലായാൽ ആമാശയത്തിലെ ബാക്ടീരിയകൾ ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കുന്നത് അസിഡോസിസ് എന്ന രോഗാവസ്ഥയ്ക്ക് കാരണമാകും.
കുഴുപ്പിള്ളി ബീച്ചിലെ ഒട്ടകത്തിന് രാവിലെയും വൈകിട്ടും പുല്ലും പച്ചിലകളും ഇടയ്ക്ക് പെല്ലറ്റുമാണ് നൽകിയിരുന്നത്. കഴിഞ്ഞദിവസം അടമ്പ് എന്ന ചെടിയുടെ ഇല കഴിച്ചതാകാം അനാരോഗ്യത്തിന് കാരണമായതെന്ന് ഉടമ അജ്മൽ പറഞ്ഞു.
ആറുമാസം മുമ്പ് രാജസ്ഥാനിൽ നിന്നാണ് ഒട്ടകത്തെ വാങ്ങിയത്. വിനോദസഞ്ചാരികൾക്ക് ഇതിനൊപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള സൗകര്യമാണ് ബീച്ചിൽ ഒരുക്കുന്നത്.
ലക്ഷണങ്ങൾ
വിശപ്പില്ലായ്മ, വയറ് പെരുക്കം, നിർജലീകരണം, ക്ഷീണം, എഴുന്നേൽക്കാൻ ബുദ്ധിമുട്ട്
ചികിത്സ
തുടർച്ചയായി രണ്ടുദിവസം രക്തത്തിലൂടെ ഇലക്ട്രോലൈറ്റ്, ആന്റിബയോട്ടിക്ക്, ബികോംപ്ലക്സ് മുതലായവ നൽകിയാണ് ഒട്ടകത്തിന്റെ ആരോഗ്യം വീണ്ടെടുത്തത്.