kseb

കൊച്ചി:മീറ്റർ വാടക ഇനത്തിൽ ഗാർഹിക വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് കെ.എസ്.ഇ.ബി 14 വർഷംകൊണ്ട് പിരിച്ചത് 1,532.17കോടി രൂപ! 2010 മുതലുള്ള കണക്കാണിതെങ്കിലും 2002 മുതൽ പിരിവ് തുടങ്ങിയിരുന്നു.

വീടുകളിലെ 1,04,94,594 മീറ്ററുകൾക്കും വൻകിട ഹൈടെൻഷൻ കണക്ഷനുകളുള്ള 146 ഫ്ളാറ്റ് സമുച്ചയങ്ങളിലെ മീറ്ററുകൾക്കും കിട്ടിയ വാടകയാണിത്. പ്രത്യേക ട്രാൻസ്‌ഫോർമർ ഉൾപ്പെടെ വേണ്ടതാണ് ഹൈടെൻഷൻ കണക്ഷനുകൾ.

612.42 രൂപയ്‌ക്ക് വാങ്ങുന്ന സിംഗിൾ ഫേസ് (5,000വാട്‌സിനു താഴെ) മീറ്ററിനും 1,620 രൂപയ്ക്ക് വാങ്ങുന്ന ത്രീ ഫേസ് (5,000വാട്‌സിനു മുകളിൽ) മീറ്ററിനുമാണ് പ്രതിമാസ കണക്കിൽ മീറ്റർ വാടകയും 18 ശതമാനം ജി.എസ്.ടിയും ഈടാക്കുന്നത്.

സിംഗിൾ ഫേസ് സ്റ്റാറ്റിക് എനർജി മീറ്ററിന് പ്രതിമാസം ആറ് രൂപയും ത്രീ ഫേസ് സ്റ്റാറ്റിക് മീറ്ററിന് മാസം 15 രൂപയും എൽ.ടി, സി.ടി-നാല് വയറുള്ള സ്റ്റാറ്റിക് മീറ്ററിന് പ്രതിമാസം 30 രൂപയും ത്രീ ഫേസ് എ.സി സ്റ്റാറ്റിക് ട്രൈവെക്ടർ മീറ്ററിന് (ഹൈടെൻഷൻ കണക്ഷൻ) പ്രതിമാസം 1,000 രൂപയുമാണ് റെഗുലേറ്ററി കമ്മിഷന്റെ മീറ്റർ വാടക താരിഫ് പ്രകാരം കെ.എസ്.ഇ.ബി ഈടാക്കുന്നത്.

എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയുടെ വിവരാവകാശ അപേക്ഷയ്ക്ക് കെ.എസ്.ഇ.ബിയുടെ താരിഫ് ആൻഡ് റെഗുലേറ്ററി അഫയേഴ്‌സ്, ചീഫ് എൻജിനിയറുടെ ഓഫീസ്, സാമ്പത്തിക ഉപദേഷ്ടാവിന്റെ കാര്യാലയം തുടങ്ങിയ ഓഫീസുകൾ നൽകിയ മറുപടികളിലാണ് വിവരങ്ങളുള്ളത്.


പ്രതിവർഷം 109 കോടി (സാമ്പത്തിക വർഷം, വാടകത്തുക കോടിയിൽ)

2010-11----126.64

2011-12----129.54

2012-13----135.26

2013-14---139.08

2014-15---119.64

2015-16----90.06

2016-17----92.00

2017-18----93.15

2018-19----94.38

2019-20----96.94

2020-21----99.44

2021-22----102.32

2022-23----105.34

2023-24----108.38