y
ചെളിയും എക്കലും പായലും നിറഞ്ഞ് ഒഴുക്ക് നഷ്ടപ്പെട്ട കോണോത്തു പുഴ

തൃപ്പൂണിത്തുറ നഗരസഭയുടെ വടക്കൻഅതിർത്തിയായ ചമ്പക്കരയിൽ തുടങ്ങി 17 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ച് പൂത്തോട്ട കായലിൽ ചേരുന്ന പുഴയുടെ പുനരുദ്ധാരണത്തിന്റെ ഒന്നാംഘട്ടത്തിനാണ് സാങ്കേതിക അനുമതി. ടെൻഡർ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കെ. ബാബു എം.എൽ.എ അറിയിച്ചു.

തൃപ്പൂണിത്തുറ: കോണോത്തുപുഴയുടെ ശാപമോക്ഷത്തിന് വഴിയൊരുങ്ങുന്നു. നിലവിൽ ചെളിയും എക്കലും പായലും നിറഞ്ഞ് ഒഴുക്ക് നഷ്ടപ്പെട്ട നിലയിലാണ് കോണോത്തു പുഴ. ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് 18കോടിരൂപയുടെ സാങ്കേതിക അനുമതി ലഭിച്ചതായി കെ. ബാബു എം.എൽ.എ അറിയിച്ചു. കോണോത്തുപുഴയുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് 26കോടി രൂപയുടെ ഭരണാനുമതി 2023 ജനുവരിയിലും തുടർന്ന് 2023മേയിൽ സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു. ധനകാര്യവകുപ്പ് ചില വിശദീകരണങ്ങൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ നടപടികൾ സ്വീകരിക്കുവാൻ സാധിച്ചിരുന്നില്ല. ഒന്നാംഘട്ടമായി ചെളിയും എക്കലും പായലും മാറ്റുന്നതിനും നദിയുടെ തീരം ജിയോ ടെക്സ്റ്റൈൽ ഉപയോഗിച്ച് സംരക്ഷിക്കുന്നതിനുമായാണ് 18 കോടിയുടെ സാങ്കേതിക അനുമതി ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

രണ്ടാംഘട്ടമായി കണിയാവള്ളി പാലം പുനർനിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് 8കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട പ്രവൃത്തികളുടെ സൂപ്പർ സ്ട്രക്ചർ ഡിസൈൻ എം.ഡി.ആർ.ബി ചീഫ് എൻജിനിയർ കാര്യാലയത്തിൽ ലഭിക്കുന്ന മുറയ്ക്ക് സാങ്കേതിക അനുമതി നൽകി നടപ്പാക്കും.