boiler
എടയാർ വ്യവസായ മേഖലയിൽ ബോയിലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ച സംഭവത്തിൽ ഫാക്ടറിസ് ആന്റ് ബോയിലേഴ്സ് ഉദ്യോഗസ്ഥർ ഫോർമൽ ട്രേഡ് ലിങ്ക്സിൽ പരിശോധന നടത്തുന്നു

ആലുവ: എടയാർ വ്യവസായ മേഖലയിലെ ഫോർമൽ ട്രേഡ് ലിങ്ക്സിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒഡിഷ സ്വദേശി മരിച്ച സംഭവത്തിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥർ കമ്പനിയിൽ പരിശോധന നടത്തി. ജോയിന്റ് ഡയറക്ടർ ഓഫിസിലെ ഇൻസ്പെക്ടർ ലാൽ വർഗീസ്, സീനിയർ ഇൻസ്പെക്ടർ കെ.ആർ. ഷാജികുമാർ എന്നിവരടങ്ങുന്ന സംഘം ഇന്നലെയാണ് പരിശോധനയ്‌ക്കെത്തിയത്.

കമ്പനിയിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി. ഐ.ബി.ആർ നിയമത്തിനു വിരുദ്ധമായി ശേഷി കുറഞ്ഞ ബോയിലറാണ് സ്ഥാപിച്ചിട്ടുള്ളത്. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ അംഗീകാരമുണ്ടായിരുന്നില്ല. പൊട്ടിത്തെറിയിൽ ബോയിലർ മൂന്ന് ഭാഗങ്ങളായി ചിന്നിച്ചിതറി. ഒരു ഭാഗം സമീപത്തെ പൂട്ടിക്കിടക്കുന്ന ബിനാനി സിങ്കിന്റെ വളപ്പിൽ തെറിച്ചു വീണതായി കണ്ടെത്തി. ഇവിടെ കാടുവെട്ടിത്തെളിച്ചാണ് സംഘം തെറിച്ചു വീണ ഭാഗം കണ്ടെത്തിയത്.

ബോയിലർ നിർമ്മിച്ച എടയാറിലെ അശ്വതി എൻജിനിയറിംഗ് സ്ഥാപന ഉടമ മുരളിയിൽ നിന്ന് സംഘം വിശദാംശങ്ങൾ ചോദിച്ചു. അന്വേഷണ റിപ്പോർട്ട് ഉടൻ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ, ജോയിന്റ് ഡയറക്ടർ എന്നിവർക്കു കൈമാറുമെന്ന് സിനിയർ ഇൻസ്പെക്ടർ കെ.ആർ. ഷാജികുമാർ പറഞ്ഞു.

മൃതദേഹം നാട്ടിലേക്കയച്ചു

ഫോർമൽ ട്രേഡ് ലിങ്ക്സിൽ ബോയിലർ പൊട്ടിത്തെറിച്ച് മരിച്ച ഒഡിഷ കാണ്ഡമാൽ ജില്ലയിൽ സിർക്കി ടാമല പ്രധാന്റെ മകൻ ബിക്രം പ്രധാന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം എംബാം ചെയ്ത് ഇന്നലെ വൈകിട്ട് വിമാനമാർഗം നാട്ടിലേക്കയച്ചു. ബിനാനിപുരം പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. ഫാക്ടറിസ് ആൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥരുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയെന്ന് സി.ഐ സുനിൽകുമാർ പറഞ്ഞു. മലപ്പുറം സ്വദേശി മുഹമ്മദ് ഫവാസിന്റെ ലൈസൻസിലാണ് സ്ഥാപനമെങ്കിലും പെരുമ്പാവൂർ വല്ലം സ്വദേശി മുഹമ്മദാണ് നിലവിൽ സ്ഥാപനം നോക്കി നടത്തുന്നത്.