പറവൂർ: ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച പതിനെട്ടാമത് പ്രൊഫഷണൽ നാടക മത്സരത്തിൽ തിരുവനന്തപുരം സാഹിതിയുടെ മുച്ചീട്ടുകളിക്കാരന്റെ മകൾ മികച്ച നാടകമായി തിരഞ്ഞെടുത്തു. കോഴിക്കോട് സങ്കീർത്തനയുടെ വെളിച്ചമാണ് രണ്ടാമത്തെ നാടകം. കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനത്തിലെ അഭിനയത്തിന് ശൂരനാട് ശശി മികച്ച നടനും കോഴിക്കോട് സങ്കീർത്തനയുടെ വെളിച്ചത്തിലെ അഭിനയത്തിന് ജയലക്ഷ്മി മികച്ച നടിയുമായി. ആലപ്പി പൊന്നപ്പനാണ് മികച്ച രണ്ടാമത്തെ നടൻ (കല്യാണം). മികച്ച രണ്ടാമത്തെ നടി ഷിജി കെ. അജയൻ (വെളിച്ചം). രാജേഷ് ഇരുളമാണ് മികച്ച സംവിധായകനും ദീപസംവിധായകനും. രാജീവൻ മമ്മിളിക്കാണ് രണ്ടാം സ്ഥാനം. മികച്ച രചന ഹേമന്ദ്കുമാർ , ശ്രീകുമാർ മാരാത്തിനാണ് രണ്ടാം സ്ഥാനം. ഗാനരചന ചെമ്പഴന്തി ചന്ദ്രബാബു. അനിൽ മാളക്ക് മികച്ച സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചു. രംഗപടം വിജയൻ കടമ്പേരി. തിരുവനന്തപുരം നവോദയയുടെ കലുങ്കിലെ അഭിനയത്തിന് അഭിനവ് ഒഞ്ചിയം പ്രത്യേക ജൂറി പുരസ്കാരം നേടി. 28ന് പറവൂരിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.