പറവൂർ: പട്ടണം കവലയിൽ അടിപ്പാത പണിയാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ നിർമ്മാണം തടയുന്നത് ഉൾപ്പെടെയുള്ള സമരരീതികൾ ആവിഷ്‌കരിക്കേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജനകീയ സമരസമിതിയുടെ അഞ്ചാംദിന റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാതയുടെ നിർമ്മാണം അശാസ്ത്രീയമായാണ് നടന്നുവരുന്നത്. മുഖ്യമന്ത്രിയായും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായും ചർച്ച നടത്തിയതിനെ തുടർന്ന് സംസ്ഥാനസർക്കാരും ജില്ലാ കളക്ടറും പ്രശ്നത്തിൽ ഇടപെട്ടതായും സതീശൻ പറഞ്ഞു. കൺവീനർ കെ.എസ്. മജീദ് അദ്ധ്യക്ഷനായി. എൻ.എം. പിയേഴ്സൺ, സമരസമിതി ചെയർമാൻ കെ.വി. അനന്തൻ, കൺവീനർ എം.എ. റഷീദ്, ജോയി, കെ.കെ. അബ്ദുല്ല, കെ.വൈ. ഇബ്രാഹിം, വേണു, ടി.എ. ഷനൂപ് എന്നിവർ സംസാരിച്ചു.