കോലഞ്ചേരി: കുരുതിക്കളമാകുന്ന മണ്ണൂരിലെ പ്രശ്നങ്ങൾക്ക് പരിഹാര നിർദ്ദേശങ്ങളുമായി റോഡ് സേഫ്റ്റി മീറ്റിംഗ് ചേർന്നു. മണ്ണൂർ മേഖലയിൽ അടിക്കടി അപകടങ്ങൾ വർദ്ധിക്കുന്നത് സംബന്ധിച്ച പത്രവാർത്തകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ മഴുവന്നൂർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് മീറ്റിംഗ് സംഘടിപ്പിച്ചത്. പടിഞ്ഞാറെ കവലയും കിഴക്കെ കവലയുമാണ് അപകട മേഖല. കിഴക്കെ കവല മുതൽ കീഴില്ലം അമ്പലംവരെയുള്ള വളവുകളും കയറ്റിറക്കങ്ങളുമാണ് റോഡിനെ കുരുതിക്കളമാക്കുന്നത്.
മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു, വൈസ് പ്രസിഡന്റ് മേഘ മരിയ ബേബി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി റെജി, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ജയേഷ്, ബിന്ദു ഷിബു, പഞ്ചായത്ത് സെക്രട്ടറി അജിതകുമാരി, മൂവാറ്റുപുഴ എ.എം.വി.ഐ സിബിമോൻ ഉണ്ണി, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരായ സിജി, നിംന, പൊതുമരാമത്ത് വിഭാഗം മെയിന്റനൻസ് എ.ഇ ആൻഡ്രു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ബിനോയി സ്‌ക്കറിയ, ബേസിൽ കെ. ജേക്കബ്, ജോബ് മാത്യു എലപറമ്പിൽ, കെ.ആർ. ജയശേഖർ എന്നിവർ പങ്കെടുത്തു. വിദഗ്ദ്ധ സംഘം നാളെ ഉച്ചയ്ക്ക് 2ന് സ്ഥലത്ത് തെളിവെടുപ്പ് നടത്തും.
നിർദ്ദേശങ്ങൾ
എം.സി റോഡിൽ യെല്ലോ ലൈനും, അപകട സാദ്ധ്യത ദിശാബോർഡുകളും സ്ഥാപിക്കുക
പടിഞ്ഞാറേ കവലയിലെ കാഴ്ച മറയ്ക്കുന്ന ബോർഡുകൾ നീക്കം ചെയ്യുക
ടാക്‌സി സ്റ്റാൻഡിലെ പാർക്കിംഗ് പുനക്രമീകരിക്കുക
പോഞ്ഞാശ്ശേരി റോഡിൽ പടിഞ്ഞാറേ കവലയിൽ വേഗത നിയന്ത്റണോപാധികൾ സ്ഥാപിക്കുക
അപകട സാദ്ധ്യത ബോർഡോടുകൂടിയുള്ള ബ്ലിങ്കിംഗ് ലൈറ്റ് സ്ഥാപിക്കുക
എം.സി റോഡിലെ പ്രവർത്തനരഹിതമായ സ്ട്രീറ്റ് ലൈറ്റുകളും മിനി ഹൈമാസ്റ്റ് ലൈറ്റുകളും പ്രവർത്തനക്ഷമമാക്കുക
അന്നപൂർണ ജംഗ്ഷനിലെ കാഴ്ച മറക്കുന്ന കാടുകൾ വെട്ടി മാറ്റി റോഡ് വീതി കൂട്ടുക
ഗാർഡിയൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനു മുന്നിൽ രാവിലെയും വൈകിട്ടും ഭാരവണ്ടികളുടെ പാർക്കിംഗ് നിയന്ത്റിക്കുക
സ്‌കൂളിലെ മുന്നിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് കെ.ആർ.എഫ്.ബിക്ക് നിർദ്ദേശം
പടിഞ്ഞാറേ കവലയിലെ റോഡ് അലൈൻമെന്റ് ഉള്ള അപാകത സമയബന്ധിതമായി പരിഹരിക്കുക