വൈപ്പിൻ: ഗോശ്രീ ഒന്നും മൂന്നും പാലങ്ങൾക്ക് സമാന്തര പാലങ്ങൾ നിർമ്മിക്കുന്നത് സംബന്ധിച്ച പ്രാഥമിക നടപടികൾ ആരംഭിച്ചതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. വർദ്ധിക്കുന്ന വാഹന പെരുപ്പവും വൈപ്പിൻ മേഖലയിൽ തീരദേശ ഹൈവേ സാദ്ധ്യമാകുകയും ചെയ്യുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ സമാന്തര പാലങ്ങൾ എന്ന ആവശ്യം ചൂണ്ടിക്കാട്ടിയതാണെന്നും അതേ തുടർന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. എളങ്കുന്നപ്പുഴ പൂക്കാട് പാലം നിർമ്മിക്കുന്നതിന് ഇൻവെസ്റ്റിഗേഷൻ നടപടികൾ നടത്താനും ബ്രിഡ്ജസ് വിഭാഗത്തിന് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
കെ. എൻ. ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിലവിൽ ഗോശ്രീയിലെ മൂന്നു പാലങ്ങളിൽ രണ്ടാമത്തേതിന് സമാന്തരമായി പാലമുണ്ട്. ഒന്നും മൂന്നും പാലങ്ങൾക്കാണ് സമാന്തരമായി പാലങ്ങൾ വേണ്ടത്. തികച്ചും ന്യായമായ ആവശ്യമാണിതെന്നും മന്ത്രി പറഞ്ഞു. മൂന്നാം പാലത്തിന് സമാന്തരമായി കാളമുക്ക് ജംഗ്ഷനിൽ നിന്ന് വല്ലാർപാടത്തേക്ക് പാലം നിർമ്മിക്കുന്നതിന് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് ധനകാര്യ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭ്യമാക്കുന്ന കാര്യം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
ഒന്നാം പാലത്തിന് സമാന്തര പാലം നിർമ്മിക്കുന്നതിന് വെർട്ടിക്കൽ, ഹോറിസോണ്ടൽ ക്ലിയറൻസ് ലഭിക്കുന്നതിന് ഇറിഗേഷൻ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ഈ മറുപടി ലഭിച്ചശേഷം ബ്രിഡ്ജസ് വിഭാഗം ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കും. സമാന്തര പാലങ്ങളുടെയും പൂക്കാട് പാലത്തിന്റെയും കാര്യത്തിൽ പ്രത്യേകമായ നടപടിക്രമങ്ങൾ പരിശോധിക്കാൻ ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായും മന്ത്രി റിയാസ് അറിയിച്ചു.