മൂവാറ്റുപുഴ: കാർഷിക ഗ്രാമത്തിന് കലയുടെ ദിനരാത്രങ്ങൾ സമ്മാനിക്കുന്ന സി.ബി.എസ്.ഇ. സെൻട്രൽ കേരള സഹോദയ സ്കൂൾ കലോത്സവം സർഗധ്വനിക്ക് മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ വേദി ഉണർന്നു. നേരത്തെ കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തിരുന്നു. 9ന് കലോത്സവം സമാപിക്കും. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ 92 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം പ്രതിഭകൾ മൂന്ന് നാൾ നീണ്ട് നിൽക്കുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കും. ആദ്യ ദിന മത്സരം പൂർത്തിയായപ്പോൾ ആതിഥേയരായ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ 340 പോയിന്റുമായി മുന്നിലാണ്. വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ 313 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.