minnal
ചെങ്ങമനാട് പഞ്ചായത്തിലെ 18-ാം വാർഡിലെ കമ്പനിക്കടവ് പഴയ ഓട് കമ്പനി ഭാഗത്ത് അതിശക്തമായ മിന്നലിൽ പൊട്ടിത്തെറിച്ച 'അനിതാലയം' അയിഷ ബാലന്റെ വീട്ടിലെ ക്ളോസറ്റ്

നെടുമ്പാശേരി: അതിശക്തമായ ഇടിമിന്നലിൽ ചെങ്ങമനാട് പഞ്ചായത്തിലെ 18-ാം വാർഡ് പനയക്കടവ് ഭാഗത്തെ പഴയഓട്ടുകമ്പനി ഭാഗത്തെ വീടുകളിൽ വ്യാപകനാശം. ഇന്നലെ വൈകിട്ടാണ് സംഭവം. വൈകിട്ട് 5.30ഓടെ 300 മീറ്ററോളം ചുറ്റളവിലെ വീടുകളിലാണ് മിന്നൽ നാശം വിതച്ചത്. അനിതാലയംവീട്ടിൽ 87കാരി അയിഷ ബാലന്റെ വീട്ടിലാണ് കൂടുതൽ നാശമുണ്ടായത്. പടിഞ്ഞാറുവശത്തെ ഹാളിനോട് ചേർന്ന ബാത്ത്റൂമിലെ ക്ളോസറ്റ് മിന്നലിനൊപ്പം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഈ സമയം ബാത്ത് റൂമിൽ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സെറ്റ്ടോപ്പ് ബോക്സുകൾ, ഫാനുകൾ, മെയിൻ സ്വിച്ചുകൾ, പ്ളഗുകൾ, ജലവിതരണ പൈപ്പുകൾ അടക്കം പൊട്ടിത്തെറിച്ചു. അപകട സമയത്ത് അയിഷയും വീട്ടുകാരും ട്യൂഷനെത്തിയ ഏതാനും കുട്ടികളും തെക്കുവശത്തെ മുറിയിലായിരുന്നത് രക്ഷയായി. എന്താണ് സംഭവിച്ചതെന്നോ എവിടെയാണ് സംഭവിച്ചതെന്നോ അറിയാതെ എല്ലാവരും സ്തംഭിച്ചുപോയി. ഹാളിലെ ഇൻവെർട്ടറും തീനാളമുയർന്ന് ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചു. വയറിംഗും ഭാഗികമായി തകരാറിലായി.
100 മീറ്ററോളം ദൂരത്ത് താമസിക്കുന്ന കണ്ടത്തിൽ സജീവന്റെ വീട്ടിലെ രണ്ട് ഫാനുകൾ നശിച്ചു. വയറിംഗ് ഭാഗികമായും തകരാറിലായി. കൈത്തറി നെയ്ത്ത് സഹകരണസംഘത്തിന് സമീപം ലക്ഷ്മിമന്ദിരത്തിൽ രാജീവിന്റെ വീടിനകത്തും മിന്നൽ തീജ്വാലയായി നാശംവിതച്ചു.ടെലിവിഷന്റെ എക്സ്റ്റെൻഷൻ കേബിളുകളും സെറ്റ്ടോപ്പ് ബോക്സും കത്തിനശിച്ചു. മിന്നൽ സമയത്ത് മുറിക്കകത്ത് രാജീവിന്റെ ഭാര്യ ദീപ ടെലിവിഷൻ കാണുന്നുണ്ടായിരുന്നുവെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.മെയിൻ സ്വിച്ചിന്റെ പ്ളഗുകളും വയറിംഗുംഭാഗികമായി കത്തിനശിച്ചു. വീട്ടുകാർക്ക് മിന്നലിന്റെ ഭീതി വിട്ടുമാറിയിട്ടില്ല. സമീപത്തെ മറ്റ് പല വീടുകളിലും മിന്നൽ നാശംവിതച്ചിട്ടുണ്ട്‌.