പറവൂർ: സി.പി.എം നേതാവ് അച്ചൻചേരിൽ തമ്പിയുടെ (64) ആത്മഹത്യയ്ക്ക് കാരണം വഴിവിട്ട സാമ്പത്തിക ഇടപാടുകളാണെന്ന് ഉറപ്പിച്ച് സി.പി.എം. മരണവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ആദ്യം സ്വീകരിച്ച നിലപാടാണ് ഇന്നലെ ചേർന്ന പറവൂർ ഏരിയാ കമ്മിറ്റിയോഗത്തിലും ആവർത്തിച്ചത്. ആത്മഹത്യയ്ക്കുമുമ്പ് പാർട്ടി നേതാക്കൾക്ക് അയച്ച കത്ത് സംബന്ധിച്ച് നടന്ന ചർച്ചയിലാണ് ഏരിയാ സെക്രട്ടറി പഴയ നിലപാടിൽ ഉറച്ചുനിന്നത്. ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും പങ്കെടുത്തു.
വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളിൽ തർക്കമുണ്ടായപ്പോൾ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ആരെയും മോശക്കാരനാക്കാനോ സമ്മർദ്ദത്തിലാക്കാനോ ശ്രമിച്ചില്ല. മറ്റുള്ള ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നാണ് യോഗത്തിൽ വ്യക്തമാക്കിയത്. തന്നെ അപകീർത്തിപ്പെടുത്തിയെന്നും പാർട്ടിജീവിതം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള വാട്‌സ് ആപ് സന്ദേശം തമ്പി ആത്മഹത്യയ്ക്കുമുമ്പ് അയച്ചിരുന്നു. ഇതു സംബന്ധിച്ച് എന്തെങ്കിലും തീരുമാനമോ നടപടിയോ ആർക്കെതിരെയും സ്വീകരിക്കാൻതക്ക പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്.