കൊച്ചി: വിപണിയിൽ 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 103 കിലോ കടൽവെള്ളരിയുമായി നാലുപേർ അറസ്റ്റിലായി. ലക്ഷദ്വീപിലെ മിനിക്കോയ്‌ സ്വദേശി ഹസൻ ഗണ്ടിഗെ ബിദറുഗെ (52), ഓടിവലുമതികെ വീട്ടിൽ ബഷീർ (44), മട്ടാഞ്ചേരി സ്വദേശി ബാബു കുഞ്ഞാമു (58), മലപ്പുറം എടക്കര സ്വദേശി പി. നജിമുദീൻ (55) എന്നിവരെയാണ്‌ റവന്യൂ ഇന്റലിജൻസും (ഡി.ആർ.ഐ,) വനംവകുപ്പ്‌ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്‌. ലക്ഷദ്വീപ്‌ സ്വദേശിയായ ഇസ്‌മായിലിനായി അന്വേഷണം തുടരുകയാണ്.
ലക്ഷദ്വീപിൽ നിന്ന് കടൽവെള്ളരി എത്തിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹസനും ബാബുവും നജിമുദീനും പാലാരിവട്ടത്ത്‌ ആദ്യം പിടിയിലായത്‌. ഇവർ സൂക്ഷിച്ച കടൽവെള്ളരിയും പിടികൂടി. ബഷീറാണ്‌ കടൽവെള്ളരി അയച്ചതെന്ന് ഇവർ മൊഴി നൽകി. കൊച്ചിയിൽ വിറ്റുകിട്ടുന്ന തുക വാങ്ങാൻ എത്തിയപ്പോഴാണ് ബഷീറിനെ മട്ടാഞ്ചേരി വാർഫിൽ നിന്ന് പിടികൂടിയത്.
ഒളിവിൽ പോയ ഇസ്‌മായിൽ മട്ടാഞ്ചേരിയിലെ വീട്ടിലാണ്‌ കടൽവെള്ളരി സൂക്ഷിച്ചിരുന്നത്. മകന് ജോലിക്ക് പണത്തിനായാണ് കടൽവെള്ളരി കടത്തിയതെന്ന് ബഷീർ മൊഴി നൽകി. ബാറിൽവച്ച് പരിചയപ്പെട്ടവരാണ് പ്രതികൾ.

മൂന്നു പെട്ടികളിലായി ഉപ്പ്‌ പുരട്ടിയാണ് കടൽവെള്ളരി സൂക്ഷിച്ചിരുന്നത്. കൊറിയർ വഴിയാണ് കൊച്ചിയിൽ എത്തിച്ചത്. പെരുമ്പാവൂരിലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്‌തു.

വിദേശത്തുൾപ്പെടെ മരുന്നിനും ഭക്ഷണാവശ്യത്തിനും ഉപയോഗിക്കുന്നതാണ് കടൽവെള്ളരി. വാണിജ്യാവശ്യത്തിനായി ശേഖരിക്കുന്നതും വിൽക്കുന്നതും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്‌.

കോടനാട്‌ റേഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസർ ആർ. അഥീഷിന്റെ നേതൃത്വത്തിലാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കടൽവെള്ളരിയും പ്രതികളെയും പിടികൂടിയത്.