മുളന്തുരുത്തി: മുളന്തുരുത്തിയിലെ അഗ്നിരക്ഷാനിലയം ഇനിമുതൽ അറിയപ്പെടുന്നത് (ഗാന്ധിനഗർ) മുളന്തുരുത്തി എന്നായിരിക്കും.

മുളന്തുരുത്തി ടൗണിൽ മൂന്നുകിലോമീറ്റർമാറി തുപ്പംപടിയിൽ സ്ഥിതിചെയ്യുന്ന അഗ്നിരക്ഷാനിലയത്തെ ആശ്രയിക്കുന്നവരുടെ ആവശ്യം പരിഗണിച്ചാണ് പേര് മാറ്റം. എമർജൻസി ആവശ്യങ്ങൾക്കായി

ബന്ധപ്പെട്ട് നേരിട്ട് വരാനുള്ള സാഹചര്യം ഉണ്ടാകുമ്പോൾ നിലയത്തെ ആശ്രയിക്കുന്നവർക്ക് നിലയം പ്രവർത്തിക്കുന്ന സ്ഥലത്തെ സംബന്ധിച്ച് സംശയം ഉണ്ടാകാറുണ്ട്. ഇതു മനസിലാക്കി നിലയത്തിലെ ജീവനക്കാരും നാട്ടുകാരും ഈ മേഖലയിലേക്ക് വരുന്നവർക്ക് പെട്ടെന്ന് സൂചന ലഭിക്കുവാനായി ഗാന്ധിനഗർ എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുവാനായി മുളന്തുരുത്തി ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു .

ഗാന്ധിജയന്തി ദിനാഘോഷം നിലയത്തിൽ ആചരിക്കുകയും ഗാന്ധിദർശനത്തിന്റെ പ്രസക്തിയെപ്പറ്റി സെമിനാറും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിലയത്തിൽ നടന്ന ചടങ്ങിൽ മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നിയാണ് അഗ്നിരക്ഷാനിലയം നിലനിൽക്കുന്ന പരിസരം ഗാന്ധിനഗറെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തത്. ജോഷി ജോർജ് മുഖ്യപ്രഭാഷണം നടത്തി. പൈനുകൾപാറയിൽ പുതുതായി സ്ഥാപിച്ച സിഗ്നൽ ബോർഡും അനാവരണം ചെയ്തു. ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, രതീഷ് ദിവാകരൻ, ജോയ് എം.പി, ഇസ്മായിൽ കെ.ഡി, ബൈജു കെ.വി, ജയകുമാർ എന്നിവർ സംസാരിച്ചു.