കൊച്ചി: ക്ഷേത്രങ്ങൾ സിനിമാ ഷൂട്ടിംഗിനുള്ള സ്ഥലമല്ലെന്നും ഭക്തർക്ക് ആരാധനയ്‌ക്കുള്ളതാണെന്നും ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർ‌ഡിന്റെ ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെയും മദ്യപരെയും അനുവദിക്കരുതെന്നും സിനിമാ ചിത്രീകരണം തടയണമെന്നും ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കവേയാണ് പരാമർശം.

വിഷയത്തിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്‌കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് സർക്കാരിന്റെയും ദേവസ്വത്തിന്റെയും വിശദീകരണം തേടി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം വിശ്വാസികളായ ദിലീപ് മേനോൻ, ഗംഗ വിജയൻ എന്നിവരാണ് അഡ്വ. ടി. സഞ്ജയ് മുഖേന ഹർജി നൽകിയത്.

ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വീഡിയോകളും ചിത്രീകരിക്കാൻ അനുവദിക്കരുതെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. അടുത്തിടെ തൃപ്പൂണിത്തുറ ക്ഷേത്രം 'വിശേഷം" എന്ന സിനിമയ്‌ക്കായി തുറന്നുകൊടുത്തിരുന്നു. സിനിമാ സംഘത്തോടൊപ്പം അഹിന്ദുക്കളുമുണ്ടായിരുന്നു. ഉത്സവസീസണിൽ പാപ്പാന്മാർ മദ്യപിച്ചെത്തുന്നതും ആളുകൾ ചെരിപ്പിട്ട് ക്ഷേത്രത്തിൽ കയറുന്നതും പതിവാണ്. അതിനാൽ, ക്ഷേത്രാചാരങ്ങൾ പാലിക്കണമെന്ന ബോർഡ് അമ്പലങ്ങൾക്ക് മുന്നിൽ വയ്‌ക്കാനും മദ്യപരെ തടയാൻ ബ്രെത്ത് അനലൈസർ പരിശോധന നടത്താനും കൊച്ചിൻ ദേവസ്വം ബോർഡിനോട് നിർദ്ദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. 'കേരള ഹിന്ദു പ്ലെയ്സസ് ഒഫ് പബ്ലിക് വർഷിപ്പ്" ചട്ടങ്ങൾ ലംഘിച്ച് ഷൂട്ടിംഗിനും മറ്റും അനുമതി നൽകുന്ന ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. ഹർജി നാളെ വീണ്ടും പരിഗണിക്കും.