കൊച്ചി: ചെറായി , മുനമ്പം തീരദേശത്തെ 610 കുടുംബങ്ങളുടെ ഭൂസ്വത്തുക്കളിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിനെതിരെ സമരം ശക്തമാക്കി ബി.ജെ.പി. വഖഫ് ബോർഡ് കലൂർ ഓഫീസിലേക്ക് ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മൂന്നു തലമുറ മുമ്പ് മുനമ്പത്ത് പൂർവികർ വിലകൊടുത്തു വാങ്ങിയ സ്ഥലം തങ്ങളുടേതാണെന്ന വഖഫ് ബോർഡിന്റെ അനധികൃതമായ അവകാശവാദത്തെ തുടർന്ന് കുടിയിറക്ക് ഭീഷണി നേരിടുന്നവർക്ക് ബി.ജെ.പി രാഷ്ട്രീയമായും നിയമപരമായും സംരക്ഷണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
2013ൽ കോൺഗ്രസ് നടപ്പാക്കിയ വഖഫ് നിയമമാണ് പ്രശ്‌നങ്ങളുടെ കാതൽ. മതത്തിന്റെ പേരിൽ മതനേതാക്കളും കോൺഗ്രസ് നേതാക്കളും വഖഹ് സ്വത്തുക്കൾ കൊള്ളയടിക്കുന്നതിൽ നിന്നും വിശ്വാസികളെ സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാർ വഖഫ് നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ജാഥാ ക്യാപ്റ്റൻ ജിജി ജോസഫ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സമിതി അംഗം ഷോൺ ജോർജ്, എൻ.പി. ശങ്കരൻകുട്ടി, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത്കുമാർ, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു, ജില്ലാ പ്രസിഡന്റ് വിനോദ് വർഗീസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസഫ് പടമാടൻ, ബിജു മാത്യു, ഡെന്നി ജോസഫ്, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോൻ, ജില്ലാ ജനറൽ സെക്രട്ടറി പ്രീപ്തി രാജ് എന്നിവർ പ്രസംഗിച്ചു.